കൊവിഡ് വ്യാപനം: കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ് ജില്ലയുടെ മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ചടങ്ങുകളില്‍ കൂട്ടംകൂടി പങ്കെടുത്തവരില്‍നിന്നും നിരവധിപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്ന അവസ്ഥയുണ്ട്. ചെങ്കള പഞ്ചായത്തില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തവരില്‍ 43 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പലരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതുകൊണ്ട്, ഇവരില്‍ നിന്നും നിരവധി പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപി പരമാവധി നിയന്ത്രിക്കും. എല്ലാ ഒപിയിലും ടെലിമെഡിസിന്‍ സംവിധാനത്തിനുള്ള ക്രമീകരണം ഉണ്ടാക്കും. ആശുപത്രിയിലെ അണുനശീകരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Kasargod district covid situation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here