ആരോഗ്യ സര്‍വകലാശാലയുടെ കോഴ്സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം: മുഖ്യമന്ത്രി

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സര്‍വകലാശാലയുടെ കോഴ്സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക് താമസ സൗകര്യവും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. ആരോഗ്യ വകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് പഠനം കഴിഞ്ഞവരെ വിന്യസിക്കുന്നതിന്റെ വിശദാംശങ്ങള്‍ തയാറാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്; 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
ഭീഷണി ഉയര്‍ത്തിയിരുന്ന പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. പുതിയ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍വകക്ഷി യോഗം വിളിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചു. ആരോഗ്യ വിദഗ്ധരുമായി പ്രത്യേക ചര്‍ച്ച നടത്തി. പത്രാധിപന്മാരുടെ യോഗവും വിളിച്ചു. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് എല്ലാവര്ക്കും. നിയന്ത്രണ ലംഘനം ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ഇടപെടല്‍ ഇനിയും ശക്തിപ്പെടുത്തും. സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ രോഗ വ്യാപനത്തിന് കാരണക്കാരാകുന്നത് ആശാസ്യകരമല്ല.
Read Also : സംസ്ഥാനത്ത് നിലവിലുള്ളത് 101 സിഎഫ്എല്‍ടിസികള്‍
നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗ വ്യാപനത്തിന് കാരണക്കാരാകുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വെവ്വേറെയും കൂട്ടായും ഇടപെടേണ്ട കാര്യങ്ങളില്‍ വ്യക്തത വരുത്തും. അതനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും. ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം വര്‍ധിക്കുമെന്നാണ് കാണുന്നത്. അതിനെ നേരിടുന്നതിനുള്ള നടപടികളാണ് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിലൂടെയും കൂടുതല്‍ മനുഷ്യ വിഭവശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്.
പരിശോധനാ ഫലങ്ങള്‍ ചിലയിടങ്ങളില്‍ വൈകുന്നുവെന്ന പരാതിയുണ്ട്. അത്തരം പരാതികളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മരണമടഞ്ഞവരുടെ പരിശോധനാഫലം ഒട്ടും വൈകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – Students, Health University courses, CFLTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here