സംസ്ഥാനത്ത് മഴയും വെള്ളക്കെട്ടും രൂക്ഷം; അടിയന്തര സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ?

മഴയൊന്ന് തകർത്തു പെയ്താൽ കേരളക്കരയ്ക്ക് ഇന്ന് പേടിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലവും നമുക്ക് സമ്മാനിച്ച നഷ്ടം ചെറുതല്ല. ഇപ്പോഴിതാ മറ്റൊരു പ്രളയകാലത്തെ അനുസ്മരിപ്പിച്ച് കേരളത്തിൽ മഴ തകർത്ത് പെയ്യുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലരേയും വീടുകളിൽ നിന്ന് മാറ്റിപാർപ്പിക്കുന്നുണ്ട്.
പെട്ടെന്ന് വീടുവിട്ട് മാറേണ്ടി വരുന്നു എന്നതുകൊണ്ട് പലപ്പോഴും അവശ്യ സാധനങ്ങളെടുക്കാൻ സാധിക്കാറില്ല. മാത്രമല്ല, അനാവശ്യ വസ്തുക്കൾ കൈയിൽ പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ മഴപെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് എന്ന രീതിയിൽ ഒരു കിറ്റ തയാറാക്കി വയ്ക്കുന്നത് നല്ലതാണ്.
കിറ്റിൽ വേണ്ടത് എന്തൊക്കെ ?
കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദേശ പ്രകാരം നാം കൈയില്‍ കരുതേണ്ട വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം.
- ടോർച്ച്
- റേഡിയോ
- 500ml വെള്ളം
- ഒആർഎസ് പായ്ക്കറ്റ്
- അത്യാവശ്യ മരുന്നുകൾ
- മുറിവിന് തേക്കുന്ന ഓയിൻമെന്റ്
- ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻ
- നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്‌ക്ക്, ബിസ്‌ക്റ്റ് പോലുള്ളവ)
- ചെറിയ കത്തി
- 10 ക്ലോറിൻ ടാബ്ലറ്റുകൾ
- ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി
- മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ
- പണം, എടിഎം കാർഡ്
പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്‌കും, സാനിറ്റൈസറും ഒപ്പം കരുതുന്നത് നല്ലതായിരിക്കും.
Story Highlights – what all to keep in flood emergency kit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here