Advertisement

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

2 hours ago
2 minutes Read
kunnamkulam policestation

തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന മൂന്നാംമുറ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഈ വിഷയത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണ്, പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിക്കാൻ റേഞ്ച് ഡിഐജി ആർ. ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക യോഗം ചേരും.

ഈ യോഗത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുകയും സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ വിശദമായി പരിശോധിക്കുകയും ചെയ്യും. നിയമവിരുദ്ധമായി പ്രതികളോട് പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളനുസരിച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദിക്കുന്നതായി കാണാം. 2023 ഏപ്രിൽ 5-ന് നടന്ന കസ്റ്റഡി മർദ്ദനത്തിൻ്റെ ഈ ദൃശ്യങ്ങൾ കോടതിയുടെ ഇടപെടലിലൂടെയാണ് പുറത്തുവന്നത്. ഒരു സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പൊലീസുകാർ സുജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചത്.

Read Also: കുന്നംകുളത്തെ മൂന്നാമുറ; ‘പൊലീസുകാരെ പുറത്താക്കണം; തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനം’; വിഡി സതീശൻ

എസ്.ഐ. നുഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നാണ് സുജിത്തിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇതിനുപുറമെ വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടക്കാനും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

മാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിച്ചതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും ഉയർത്തുന്നത്. സുജിത്ത് നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പൊലീസുകാർക്കെതിരെ കേസെടുക്കാൻ കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

Story Highlights : Action may be taken against officersof Kunnamkulam Police Station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top