ചിറ്റാറില്‍ കസ്റ്റഡിയിലിരിക്കെ യുവാവിന്‍റെ മരണം; വനം വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ; സമഗ്ര അന്വേഷണം വേണമെന്ന് ആന്‍റോ ആന്റണി എംപി

പത്തനംതിട്ട കുടപ്പന ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ കൂടുതൽ ദുരൂഹത. വനം വകുപ്പ് കസ്റ്റഡിയിലെടുത്തതിന് ശേഷം കിണറ്റിൽ വീണാണ് മത്തായി മരിച്ചത്. മത്തായിയെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങൾ പാലിക്കാതെയാണ്. ആന്റോ ആന്റണി എംപി സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്.
വനം വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് മത്തായിയുടെ മരണത്തിൽ ഉയർന്നുവരുന്നത്. എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത ശേഷം മത്തായിയെ സ്റ്റേഷനിലെത്തിച്ചില്ലെന്നും വിവരം. വീട്ടിലെത്തിയാണ് മത്തായിയെ ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ട് പോയത്. ഔദ്യോഗിക ഡയറിയിലും കസ്റ്റഡി സംബന്ധിച്ച് യാതൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവരമുണ്ട്.
Read Also : കുടപ്പനയിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ യുവാവിന്റ മരണം; വകുപ്പ് തല അന്വേഷണം നടത്താൻ തീരുമാനം
കഴിഞ്ഞ ദിവസമാണ് സ്റ്റേഷനിൽ സ്ഥാപിച്ച ക്യാമറ നശിപ്പിച്ചുവെന്ന് ആരോപിച്ച് പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയെ വനം വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കാൽ വഴുതി കിണറ്റിൽ വീണുവെന്നാണ് മത്തായിയുടെ മരണത്തിൽ വനം വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
കേസിൽ വകുപ്പ് തല അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എസിസിഎഫിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. സംഭവം നടന്ന സമയത്ത് ഉണ്ടായിരുന്ന ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോന്നി എംഎൽഎ ജനീഷ് കുമാർ ആവശ്യപ്പെട്ടിരുന്നു. മത്തായിയുടെ കുടുംബത്തിന്റെ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്പി കെ ജി സൈമൺ വ്യക്തമാക്കി.
Story Highlights – forest department, custody, custody death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here