‘മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല’; മുഖ്യമന്ത്രിയെ പിന്തുണച്ച് ഗീവർഗീസ് മാർ കൂറിലോസ്

മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം അധിപൻ ഗീവർഗീസ് മാർ കൂറിലോസ്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട രാജ്യദ്രോഹികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് പറയുകയും സംശയത്തിന്റെ നിഴലിലുള്ളവരെ പുറത്താക്കുകയും ചെയ്ത മുഖ്യമന്ത്രി നിരന്തരം വേട്ടയാടുകയാണെന്നും ഗീവർഗീസ് മാർ കൂറിലോസ് കുറ്റപ്പെടുത്തി. മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരേയും പേടിക്കില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല

വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയർത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വർണ്ണ കടത്തു കേസിൽ ഉൾപ്പെട്ട യഥാർത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെൻസേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്.

തെറ്റ് ചെയ്താൽ ഉന്നതരായാൽ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലിൽ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാൽ കനൽ വഴികളിലൂടെ നടന്നുവന്ന പിണറായി വിജയൻ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏൽപ്പിച്ച കർത്തവ്യം, പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിർവ്വഹിച്ച് മുന്നോട്ട് പോകുന്നത്. ശിവശങ്കറിനെ ഇപ്പാൾ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയിൽ അങ്ങിനെ സംഭവിച്ചാൽ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ ‘ മുറിക്കുന്ന വാർത്തകൾ ‘ വരുമ്പോഴും നിർഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്. അതു കൊണ്ട് അന്വേഷണവും നിയമവും ആ വഴികളിൽ നിങ്ങട്ടെ. നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചർച്ചകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം . ഒരു ഇടതു സർക്കാരിനെ തകർക്കാൻ ആർക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങൾ ഒപ്പമുള്ളപ്പോൾ അതൊക്കെ വൃഥാ ശ്രമങ്ങൾ ആകും, അത്ര തന്നെ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top