ചെറിയ രോഗലക്ഷണമുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്നത് ഐസിഎംആര്‍ ഗൈഡ്‌ലൈന്‍: മുഖ്യമന്ത്രി

ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിന് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് മറ്റ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി. ആ ഗൈഡ്‌ലൈന്‍ അടിസ്ഥാനമാക്കി ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്‌നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്. ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം.
രോഗലക്ഷണമില്ലാത്തവര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിംഗ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്‌സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ത്രിതല മോണിറ്ററിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വൊളന്റിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കും.
സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലുള്ള പലരും പറയുന്നത് ‘ഞങ്ങള്‍ വീട്ടില്‍ പൊയ്‌ക്കോളാം എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അറിയിച്ചാല്‍ പോരേ’ എന്നാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ല. താല്‍പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – home isolation, ICMR Guideline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here