‘വിഷ് ചെയ്യാൻ ഈ വലിയ നഗരത്തിൽ ആരും ഉണ്ടായിരുന്നില്ല, അന്ന് ഞാൻ കരഞ്ഞു’ 22 വർഷം മുൻപുള്ള ജന്മദിനം ഓർത്ത് സോനു സൂദ്

മുംബൈയിലെത്തിയ ശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാൾ ഓർമിച്ച് ബോളിവുഡ് താരം സോനു സൂദ്. സോനുവിന് 47 വയസ് തികഞ്ഞത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. എന്നാൽ കുറേക്കാലം മുൻപ് തന്റെ ജന്മദിനത്തിന് കുറച്ച് മുൻപുള്ള ദിവസങ്ങളിലാണ് സോനു മുംബൈയിലെത്തിയത്. സിനിമയിൽ അവസരം തേടിയെത്തിയ സോനു ഒറ്റയ്ക്കായിരുന്നു. അന്നത്തെ ജന്മദിനം താന്‍ ഒരിക്കലും മറക്കില്ലെന്നും താരം.
Read Also : പെൺമക്കളെ കൊണ്ട് പാടം ഉഴുത കർഷകന് ട്രാക്ടർ എത്തിച്ച് നൽകി നടൻ സോനു സൂദ്; കൈയടി
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്ന് പറഞ്ഞത്. ‘1997/98 ജൂലൈ അവസാനത്തിലാണ് സമയത്താണ് ഞാൻ മുംബൈയിലേക്ക് ആദ്യമായി വന്നത്. 30ാം തിയതി ആരും എനിക്ക് ആശംസകൾ നേരാൻ ഉണ്ടായിരുന്നില്ല. ഒരാളെപ്പോലും എനിക്ക് ആ സമയത്ത് നഗരത്തിൽ അറിയില്ലായിരുന്നു.’
ലോഖണ്ഡവാലയിലെ ഒരു പാലത്തിൽ സോനു തനിച്ചായിരുന്ന പിറന്നാൾ ദിവസം. അന്ന് താൻ കരഞ്ഞുവെന്നും താരം. ‘അർധരാത്രി പാലത്തിന് നടുവിൽ ഇരിക്കുകയായിരുന്നു ഞാൻ. രാത്രി അച്ഛനും അമ്മയും സഹോദരിയും എന്നെ വിളിച്ചു. നിനക്ക് സുഹൃത്തുക്കളൊന്നും ഇല്ലേ അവിടെയെന്ന് സഹോദരി ചോദിച്ചു. ഞാൻ പറഞ്ഞു, എനിക്കിവിടെ കൂട്ടിന് ആരും ഇല്ലെന്ന്. ഈ വലിയ നഗരത്തിൽ ഇത്രയും ആളുകൾ ഉണ്ടായിട്ടും എന്നെ നേരിട്ട് വിഷ് ചെയ്യാൻ ആരും ഇല്ലായിരുന്നു. അന്ന് എനിക്ക് കരച്ചിൽ വന്നു.’ അന്നാണ് സോനു കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചത്. ’22 വർഷത്തിന് ശേഷം ഈ ലോകം മുഴുവനും എന്റെ ജന്മദിനം ആഘോഷിക്കുവാൻ ഒപ്പമുണ്ട്. ആ ദിവസം ഞാൻ ഇപ്പോഴും ഓർക്കും. വലിയ നഗരത്തിൽ ആരും എന്നെ വിഷ് ചെയ്യാതിരുന്ന ദിവസം.’ സോനു പറയുന്നു.
ഇപ്പോൾ കാരുണ്യ പ്രവർത്തികളുമായി ബന്ധപ്പെട്ട് എപ്പോഴും കേൾക്കുന്ന പേരാണ് സോനുവിന്റെത്. കൊവിഡ് കാലത്ത് വിദേശത്തുള്ളവരെ നാട്ടിലെത്തിച്ചും ഭക്ഷണം വിതരണം ചെയ്തുമെല്ലാം സോനു വാർത്തകളിൽ ഇടം നേടിയിരുന്നു.
Story Highlights – sonu sood, b’day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here