കാംഫെറിന് തുടർച്ചയായ രണ്ടാം അർധസെഞ്ചുറി; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം

അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 213 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസാണ് നേടിയത്. ഓൾറൗണ്ടർ കർട്ടിസ് കാംഫെറിൻ്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ് അയർലൻഡിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. അയർലൻഡിനായി ഏഴ് താരങ്ങൾ ഇരട്ടയക്കം കടന്നെങ്കിലും കാംഫെർ ഒഴികെ ആർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Read Also : ടെസ്റ്റിനു പിന്നാലെ ഇംഗ്ലണ്ടിൽ ഏകദിനത്തിനും കൊടി ഉയരുന്നു; അയർലൻഡ് പരമ്പരക്ക് നാളെ തുടക്കം
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ അയർലൻഡിൻ്റെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ ഗാരെത് ഡിലെനി മടങ്ങുമ്പോൾ സ്കോർബോർഡിൽ 12 റൺസ്. ഡിലെനിയെ ഡേവിഡ് വിലി വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. മറ്റൊരു ഓപ്പണർ പോൾ സ്റ്റിർലിങും (12) വിലിയുടെ ഇരയായി. സ്റ്റിർലിങിനെ ടോം ബാൻ്റൺ പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർനി (15) ജെയിംസ് വിൻസിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോനി ബെയർസ്റ്റോയുടെ കയ്യിൽ അവസാനിച്ചു. കെവിൻ ഒ ബ്രിയെനെ (3) ക്ലീൻ ബൗൾഡാക്കി ആദിൽ റഷീദ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ഹാരി ടെക്ടർ (28), ലോർകൻ ടക്കർ (21) എന്നിവരും ആദിൽ റഷീദിനു മുന്നിൽ വീണു. യഥാക്രമം സാഖിബ് മഹ്മൂദിനു റീസെ ടോപ്‌ലേക്കും പിടികൊടുത്താണ് ഇരുവരും മടങ്ങിയത്.
Read Also : വെസ്റ്റ് ഇൻഡീസ് 129 റൺസിനു പുറത്ത്; ഇംഗ്ലണ്ടിനു ജയം, പരമ്പര
91-6 എന്ന നിലയിൽ സിമി സിങും കഴിഞ്ഞ മത്സരത്തിലെ ഹീറോ കർട്ടിസ് കാംഫെറും ഒത്തുചേർന്നു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇരുവരും ഏഴാം വിക്കറ്റിൽ 60 റൺസാണ് കൂട്ടിച്ചേർത്തത്. 25 റൺസെടുത്ത സിമി സിങിനെ പുറത്താക്കി സാഖിബ് മഹ്മൂദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സിമിയെ ബെയർസ്റ്റോ പിടികൂടുകയായിരുന്നു. എട്ടാം വിക്കറ്റിൽ ആൻഡി മക്‌ബ്രൈനുമായി ചേർന്ന് വീണ്ടും കാംഫെർ മികച്ച കൂട്ടുകെട്ടുയർത്തി. 56 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഇതിനിടെ, 78 പന്തുകളിൽ കാംഫെർ അർധശതകം കുറിച്ചു. കഴിഞ്ഞ കളിയിൽ അയർലൻഡിനായി അരങ്ങേറിയ കാംഫെറിൻ്റെ തുടർച്ചയായ രണ്ടാം അർധശതകമാണിത്. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കാംഫെർ (68) പുറത്തായി. സാഖിബ് മഹ്മൂദിൻ്റെ പന്തിൽ ആദിൽ റഷീദ് പിടിച്ചാണ് കാംഫെർ പവലിയനിലേക്ക് മടങ്ങിയത്. ആൻഡി മക്ബ്രൈനെ (24) ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ച റീസെ ടോപ്‌ലെ മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തി.
Story Highlights – ireland 212-9 vs england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here