രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവം: വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റിനെ സസ്പെന്‍ഡ് ചെയ്തു

ട്രഷറി തട്ടിപ്പുകേസില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ ട്രഷറി ഓഫീസര്‍ സിറ്റി കമ്മീഷണര്‍ക്കും വഞ്ചിയൂര്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ടു കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഇയാളുടേയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
രണ്ടു മാസം മുമ്പ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിം, പാസ്വേര്ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മെയ് 31 നാണ് സബ്ട്രഷറി ഓഫീസര്‍ വിരമിച്ചത്. ഇദ്ദേഹത്തിന്റെ യൂസര്‍നെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു.
എന്നാല്‍ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കില്‍ രണ്ടു കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം സബ്ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറേയും വിജിലന്‍സിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടേയും ഭാര്യയുടേയും അക്കൗണ്ട് മരവിപ്പിച്ചു.
എന്നാല്‍ 64 ലക്ഷം രൂപ ഇതില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. കൂടുതല്‍ പേര് തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നിവയില്‍ വിശദമായ അന്വേഷണം നടത്താന്‍ ട്രഷറി ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
Story Highlights – Vanchiyoor sub-treasury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here