ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. കേസ് ആദ്യമന്വേഷിച്ച പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണ രേഖകൾ ശേഖരിക്കുന്ന നടപടിയാണ് ആദ്യം പൂർത്തിയാക്കുന്നത്. ഇതു പൂർത്തിയാക്കിയാലുടൻ മൊഴിയെടുക്കാനുള്ളവർക്ക് നോട്ടീസ് അയച്ച് തുടങ്ങും. നിലവിൽ ആറ്റിങ്ങൽ കോടതിയുടെ പരിഗണനയിലുള്ള കേസ് തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് ഉടൻ മാറ്റും.
Read Also : ‘അപകടസമയം കാർ ഓടിച്ചത് ആരാണെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നു’; വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടർ
പൊലീസും ക്രൈംബ്രാഞ്ചും വാഹനാപകടമെന്ന പേരിൽ അവസാനിപ്പിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സിബിഐ പുനരന്വേഷിക്കുമ്പോൾ സംശയം മുഴുവൻ നീളുന്നത് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ സ്വർണക്കടത്ത് കേസിലെ പ്രതികളിലേക്കാണ്. വാഹനാപകടത്തിന് പകരം അതിനിടയാക്കിയ സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ക്രിമിനലുകളുടെ സാന്നിധ്യവുമൊക്കെ സിബിഐ അന്വേഷണത്തിന്റെ പരിധിയിൽ വരും.
തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പിയും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിന് വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യ ഘട്ടം. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇത് പൂർത്തിയാക്കും. ശേഷം മൊഴിയെടുക്കാനുള്ള ആളുകൾക്ക് നോട്ടീസ് അയക്കും. തുടർന്നാകും കൂടുതൽ ശാസ്ത്രീയ അന്വേഷണത്തിലേക്ക് അടക്കം കടക്കുക.
നിലവിൽ ആറ്റിങ്ങൽ കോടതിയുടെ പരിഗണനയിലുള്ള കേസ് തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് മാറ്റാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളും സിബിഐ സംഘം അന്വേഷിക്കും. സംഭവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ പുറത്തുവന്ന ബാലഭാസ്‌കറിനെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തലുകളും സിബിഐ പരിശോധിക്കും.
ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്നും ഉറങ്ങിക്കിടന്നപ്പോഴാണ് അപകടമുണ്ടായതെന്ന് ബാലഭാസ്‌കർ പറഞ്ഞിരുന്നുവെന്നുമായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ കെ നാരായണനെ മാത്രമാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളത്.
Story Highlights – balabhaskar death, cbi probe starts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here