നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച മൂന്ന് വയസുകാരന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

ആലുവയില്‍ നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച മൂന്ന് വയസുകാരന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. കുട്ടിയുടെ മൃതദേഹം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തും. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ്
പോസ്റ്റ് മോര്‍ട്ടം. സംഭവത്തില്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ദാരുണമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു നടപടി ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആലുവ കടുങ്ങല്ലൂരില്‍ താമസിക്കുന്ന രാജു നന്ദിനി ദമ്പതികളുടെ മകന്‍ പൃഥ്വിരാജാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി. പീഡിയാട്രീഷന്‍ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പീഡിയാട്രീഷന്‍ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്. പഴവും ചോറും നല്‍കിയാല്‍ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടു. വീട്ടിലെത്തി രാത്രിയായതോടെ കുഞ്ഞിന്റെ നില വഷളായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Story Highlights – Covid negative three year old died untreated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here