Advertisement

‘കൊവിഡ് ബാധിച്ച് മരിക്കുന്നതിനു മുൻപ് ഡോ. ഐഷ കുറിച്ചത്’; പ്രചരിക്കുന്നത് വ്യാജ സന്ദേശം

August 2, 2020
Google News 2 minutes Read
dr aisha fake news

‘കണ്ണീരോർമ്മയായി.. ഡോക്ടർ ഐഷയ്ക്ക് പ്രണാമം…’ ഓർമ്മയുണ്ടോ ഈ വരികൾ? കൊവിഡ് ബാധിച്ച് മരണപ്പെട്ട ഡോക്ടർ ഐഷയുടെ അവസാന സന്ദേശമെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. അതൊരു ട്വീറ്റിൻ്റെ മലയാള പരിഭാഷയായിരുന്നു. നമ്മളിൽ പലരുടെയും ടൈംലൈനിൽ ഈ വരികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. വായിച്ച് നെടുവീർപ്പെട്ട് കൊറോണയെ നാല് ചീത്തയും വിളിച്ച് നമ്മളിൽ പലരും ഇത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ടാവും.

നമ്മൾ മാത്രമല്ല, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ആരോഗ്യപ്രവർത്തകരുമൊക്കെ ഐഷയുടെ കദന കഥ പങ്കുവച്ചു. സന്ദേശം കൊവിഡിനെതിരായ പോരാട്ടത്തെ ഓർമിപ്പിക്കുന്നതും സുരക്ഷിതമായിരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതുമായിരുന്നു. ഹോ, ഡോ, ഐഷക്ക് എന്തൊരു കരുതൽ! അതുകൊണ്ടൊക്കെ തന്നെ ഈ സന്ദേശത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. എന്നാൽ, ഈ സന്ദേശവും ഡോക്ടർ ഐഷയുമൊക്കെ ആരോ ഒരാളുടെ/ഒരു സംഘത്തിൻ്റെ ഭാവന മാത്രമായിരുന്നു. അറ്റൻഷൻ സീക്കിംഗിൻ്റെ അസുഖമുള്ള ആരൊക്കെയോ പടച്ചു വിട്ട ഒരു കഥ മാത്രമായിരുന്നു ഡോ. ഐഷ.

ആദ്യം ആ സന്ദേശം നോക്കാം-

കണ്ണീരോർമ്മയായി.. ഡോക്ടർ ഐഷയ്ക്ക്
പ്രണാമം…

ഡോ. ഐഷയുടെ അവസാന സന്ദേശം

കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുൻപ്
വെൻറിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്
ഡോ.ഐഷ ട്വിറ്ററിൽ കുറിച്ച അവസാന സന്ദേശം.!

ഹായ്!;;;;
എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല.
ശ്വാസംമുട്ടൽ കൂടുന്നതേയുള്ളൂ .
ഇന്ന് എപ്പോഴെങ്കിലും എന്നെ വെൻറിലേറ്ററി ലേക്ക് മാറ്റും
എന്നെ ഓർക്കുക,
എന്റെ പുഞ്ചിരി,
എപ്പോഴും
ഓർമ്മയുണ്ടാകണം
സുരക്ഷിതമായിരിക്കുക.
ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക.

ലവ് യു ബൈ
ഐഷ.

ഇനി ട്വീറ്റിൻ്റെ സ്ക്രീൻഷോട്ട്:

'മരണത്തിന് തൊട്ടുമുന്‍പ് ഡോ.ഐഷ കുറിച്ചത്'; പ്രചരണത്തിന്റെ വാസ്തവമെന്ത് ?

ട്വീറ്റിനൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിച്ചല്ലോ അല്ലേ. ഗൂഗിളിൻ്റെ റിവേഴ്സ് ഇമേജ് സെർച്ച് റിസൽട്ട് ഇതാണ്:

അഥവാ, ഇന്നലെ മരണപ്പെട്ട ഡോ. ഐഷയുടെ ഇതേ ചിത്രങ്ങൾ മുൻപും പലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതെന്താ ടൈം ട്രാവലോ? ഇതിനൊക്കെ പുറമെ മറ്റൊരു പോസ്റ്റും ഈ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പ്രത്യക്ഷപ്പെട്ടു. ഇതാണ് ആ ട്വീറ്റ്.

'മരണത്തിന് തൊട്ടുമുന്‍പ് ഡോ.ഐഷ കുറിച്ചത്'; പ്രചരണത്തിന്റെ വാസ്തവമെന്ത് ?

ഈ ചിത്രവും പഴയതാണ്. റിവേഴ്സ് ഇമേജ് സെർച്ച് ഇതാ:

'മരണത്തിന് തൊട്ടുമുന്‍പ് ഡോ.ഐഷ കുറിച്ചത്'; പ്രചരണത്തിന്റെ വാസ്തവമെന്ത് ?

കൊവിഡ് ഐസിയുവിൽ നിന്ന് ഇത്തരത്തിൽ ഒരു ചിത്രം പകർത്താൻ കഴിയില്ലെന്നത് ഒരു കാര്യം. മറ്റൊന്ന് ഡോ. ഐഷ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിൽ ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പണി വരുന്നുണ്ട് അവറാച്ചാ.

ഇനി ഉപസംഹാരം. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഐഷ എന്ന് പേരുള്ള യുവ ഡോക്ടർ ഇന്ത്യയിൽ മരണപ്പെട്ടതായി വിവരങ്ങളില്ല. ചില മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആദ്യം ഈ ചിത്രം പങ്കുവച്ചിട്ട് സംഗതി വ്യാജമെന്ന് അറിഞ്ഞതോടെ അത് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒന്നാമത് കൊവിഡ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വരെ രോഗബാധ സ്ഥിരീകരിക്കുന്ന അവസ്ഥയിലാണ് രാജ്യം. മിക്കവാറും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകേണ്ടി വരും. രണ്ടാമത് പ്രളയം. അസമിലെയും ബീഹാറിലെയും അവസ്ഥ വളരെ പരിതാപകരമാണ്. നമ്മുടെ കേരളത്തിലും മഴ തുടരുകയാണല്ലോ. ഇതിൻ്റെയൊക്കെ ഇടയിലാണ് വ്യാജവാർത്തകളുമായി ചിലരുടെ അഴിഞ്ഞാട്ടം. മോശം എന്ന് പറഞ്ഞാൽ പോരാ, ഭയങ്കര മോശമാണ് ഇത്. അതുകൊണ്ട് പങ്കുവക്കുന്നതിനു മുൻപ് ഒരു തവണ ചിന്തിക്കുക. ഒന്ന് ചുറ്റും നോക്കുക. ഉറപ്പുണ്ടെങ്കിൽ മാത്രം ഇത്തരം വാർത്തകൾ ഷെയർ ചെയ്യുക.

Story Highlights dr aisha last words fake news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here