അറബ് ലോകത്തെ ആദ്യ ആണവ നിലയം യുഎഇയിൽ

അറബ് ലോകത്തെ ആദ്യ ആണവ നിലയം യുഎഇയിൽ പ്രവർത്തനം ആരംഭിച്ചു. ബറാക്ക ആണവ നിലയത്തിന്റെ ആദ്യ യൂണിറ്റാണ് പ്രവർത്തനം ആരംഭിച്ചത്. ദക്ഷിണ കൊറിയയുടെ സഹായത്തോടെയാണ് യുഎഇ ആണവോർജ പദ്ധതി നടപ്പാക്കുന്നത്.
അബുദാബിയിൽ നിന്ന് 300 കിലോ മീറ്റർ അകലെ അൽ ബറാക്കയിൽ സ്ഥിതി ചെയ്യുന്ന യുഎഇയിലെ ആദ്യ ആണവോർജ നിലയത്തിന്റെ ഒന്നാം യൂണിറ്റിന്റെ പ്രവർത്തനങ്ങളാണ് വിജയകരമായി ആരംഭിച്ചിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ദും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആണവോർജ നിലയം വികസിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെയും ആഗോളതലത്തിൽ 33-ാംമത്തെയും രാജ്യമായി ഇതോടെ യുഎഇ മാറിയിരിക്കുകയാണ്.
യുഎഇയുടെ ചരിത്രപരമായ നിമിഷമാണിതെന്ന് എമറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷൻ സിഇഒ മുഹമ്മദ് ഇബ്രാഹിം അൽ ഹമാദി പറഞ്ഞു. ഏറ്റവും സുരക്ഷിതമായ എപിആർ 1400 എന്ന ഗണത്തിൽപെട്ടതാണ് അൽബറാക്ക ആണവോർജ നിലയം. ആണവ പദ്ധതികളെപ്പറ്റിയുള്ള ആശങ്കകൾ ഇല്ലാതാക്കാൻ അതി നൂതന നിർമാണ സാങ്കേതിക രീതികളാണ് ബറാക്ക ആണവ നിലയത്തിന്റേത്. കൂടാതെ കടലിനോട് ചേർന്നതായതിനാൽ ശീതീകരണ സംവിധാനങ്ങൾക്കും മറ്റും എപ്പോഴും വെള്ളം ലഭ്യമാകുകയും ചെയ്യും. 2012ലാണ് 2000 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 60 വർഷമാണ് നിലയത്തിന്റെ കാലാവധി.
Story Highlights – UAE builds first nuclear plant in Arab world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here