ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ കീഴടങ്ങിയേക്കുമെന്ന് സൂചന

vanchiyoor

ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ കീഴടങ്ങുമെന്ന് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കീഴടങ്ങിയേക്കും. ബിജുലാല്‍ പണം തട്ടിയത് ഓണ്‍ലൈന്‍ ചീട്ടുകളിക്കായിട്ടെന്നാണ് വിവരം. ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവെന്നാണ് സൂചന. അതേസമയം, ബിജുലാല്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാരനായിരുന്നുവോയെന്ന് അറിയില്ലെന്ന് ഭാര്യ പറഞ്ഞു. തന്റെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം അറിഞ്ഞിരുന്നില്ലെന്നും ബിജുലാലിന്റെ ഭാര്യ സിനി പറഞ്ഞു.

ട്രഷറി തട്ടിപ്പുകേസില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള രണ്ടു കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഇയാളുടേയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

രണ്ടു മാസം മുമ്പ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മെയ് 31 നാണ് സബ്ട്രഷറി ഓഫീസര്‍ വിരമിച്ചത്. ഇദ്ദേഹത്തിന്റെ യൂസര്‍നെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു.

എന്നാല്‍ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കില്‍ രണ്ടു കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം സബ്ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറേയും വിജിലന്‍സിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടേയും ഭാര്യയുടേയും അക്കൗണ്ട് മരവിപ്പിച്ചു.

Story Highlights Bijulal, treasury fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top