Advertisement

സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

August 3, 2020
1 minute Read
mullappally ramachandran

കേരളത്തിലെ സ്വര്‍ണക്കടത്തു കേസിലെ മുഖ്യകണ്ണി മുഖ്യമന്ത്രിയാണെന്ന ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്പീക്കപ്പ് കേരള കാമ്പയിന്റെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വിശ്വസനീയമായ ഉറവിടത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ തയാറാകണം.അല്ലെങ്കില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബിജെപി-സിപിഐഎം ധാരണയുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ദേശദ്രോഹ തെളിവുകളുണ്ടായിട്ടും നടപടിയെടുക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തയാറാകുന്നില്ല. ഡല്‍ഹിയില്‍ വി. മുരളീധരന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഒരുവാക്കു പറയുന്നതിന് പകരം പന്ത്രണ്ട് മണിക്കൂര്‍ ഡല്‍ഹിയില്‍ പ്രഹസന നിരാഹാരസമരം നടത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ്. ബിജെപിയും സിപിഐഎമ്മും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ ഭാഗമാണ് ഈ ഒളിച്ചുകളിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിന് ബാധ്യതയാണ്. സമസ്തമേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അന്താരാഷ്ട്രമാനങ്ങളുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസിലെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കള്ളക്കടത്തില്‍ വ്യക്തമായ പങ്കുണ്ട്. ദേശവിരുദ്ധ ശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ വിജിലന്‍സ് ഉദ്യോഗസ്ഥരെ കൊണ്ട് ഈ കേസ് അന്വേഷിച്ചാല്‍ അഴിമതിയുടെ ചുരുള്‍ ഒരിക്കലും അഴിയില്ല.

ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നത്. ഈ കേസിലെ ഉന്നതങ്ങളിലെ അഴിമതി സിബിഐ അന്വേഷണത്തിലൂടെ മാത്രമെ പുറത്തുവരുകയുള്ളു.അന്താരാഷ്ട്ര മാനങ്ങളുള്ളതിനാല്‍ റോയും അന്വേഷിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights central government, mullappally ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top