കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ടിബി സാനിറ്റോറിയം കൊവിഡ് ചികിത്സയ്ക്കായി നവീകരിക്കും

ക്ഷയരോഗികളെ ചികിത്സിക്കാനായി കണ്ണൂർ പരിയാരത്ത് 72 വർഷങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടങ്ങൾ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാനായി നവീകരിക്കും. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിനോട് ചേർന്ന് ഉപയോഗിക്കാതെ കിടക്കുന്ന ഒൻപതോളം വാർഡുകൾ നവീകരിക്കാനാണ് പദ്ധതി.
ക്ഷയ രോഗികളെ ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കാൻ 1948ലാണ് പരിയാരത്ത് 300 ഏക്കറോളം സ്ഥലത്ത് ടിബി സാനിട്ടോറിയം നിർമിച്ചത്. 400 രോഗികളെ കിടത്തി ചികിത്സിക്കാൻ സാധിക്കുന്ന ഒൻപത് ജനറൽ വാർഡുകളും 11 സ്‌പെഷ്യൽ വാർഡുകളും ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. രോഗവ്യാപനം തടയാൻ വേണ്ടി കെട്ടിടങ്ങൾ തമ്മിലുള്ള അകലം ഉറപ്പ് വരുത്തിയായിരുന്നു നിർമാണം.
കൊവിഡ് വ്യാപനം പ്രതിരോധിക്കാനും ഇവ ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.1993ലാണ് ടിബി സാനിറ്റോറിയം നിർത്തലാക്കിയത്. പിന്നീട് പരിയാരം സഹകരണ മെഡിക്കൽ കോളജിനായി ആദ്യ അഞ്ച് വർഷത്തോളം വാർഡുകൾ ഉപയോഗിച്ചിരുന്നു. അതിന് ശേഷം ഉപയോഗിക്കാതെ കിടന്ന കെട്ടിടങ്ങൾ കൊവിഡ് ചികിത്സക്കായി നവീകരിക്കാനാണ് പദ്ധതി.
ടി വി രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്താനാണ് ശ്രമം.1948ൽ സാമുവൽ ആറോൺ സൗജന്യമായി നൽകിയ 300 ഏക്കർ സ്ഥലത്താണ് ടിബി സാനിട്ടോറിയം നിർമിച്ചത്. ഓപ്പറേഷൻ തിയറ്റർ അടക്കം എല്ലാ സൗകര്യങ്ങളും 72 വർഷങ്ങൾക്ക് മുൻപ് സാനിട്ടോറിയത്തിലുണ്ടായിരുന്നു.
Story Highlights – covid, kannur medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here