കാസർഗോഡ് പൈവളിഗെ കൂട്ടക്കൊല; ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റും

കാസർഗോഡ് പൈവളിഗെ കന്യാലയിൽ ഇന്നലെ നടന്നത് നാടിനെ ഞെട്ടിച്ച അരുംകൊലയായിരുന്നു. കുടുംബാംഗങ്ങളായ നാലു പേരെയാണ് അടുത്ത ബന്ധുവായ യുവാവ് വെട്ടിക്കൊന്നത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റും.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കർണാടക അതിർത്തിയോട് ചേർന്ന സ്ഥലമായ കന്യാലയിലാണ് കൂട്ടക്കൊല നടന്നത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് പ്രതിയായ ഉദയ കുടുംബാംഗങ്ങളായ നാലു പേരെ വെട്ടിക്കൊന്നത്. ദേവകി, വിട്‌ള , ബാബു, സദാശിവ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ സഹോദരി പുത്രനായ ഉദയയാണ് പ്രതി.

കൊല്ലപ്പെട്ട നാലുപേരും ഉദയയുടെ അമ്മ ലക്ഷ്മിയും സംഭവ സമയം വീട്ടിലായിരുന്നു. വീട്ടിലെത്തിയ ഉദയ കൈമഴു ഉപയോഗിച്ച് നാലുപേരെയും മുറിക്കുള്ളിൽ വെട്ടിവീഴ്ത്തി. ഭയന്നോടിയ അമ്മ ലക്ഷ്മി അയൽ വീട്ടിൽ അഭയംതേടുകയായിരുന്നു. നാട്ടുകാർ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. കൊല നടത്താനുപയോഗിച്ച മഴുവുമായി കന്യാല ടൗണിലെത്തിയ ഉദയയെ നാട്ടുകാർ ബലം പ്രയോഗിച്ച് പിടികൂടി. തുടർന്ന് മഞ്ചേശ്വരം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

നാലു പേരുടെ കൊലയിലേക്ക് നയിച്ച തർക്കം എന്തെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഥിരമായി മാനസികാസ്വസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നയാളാണ് ഉദയയെന്ന് പൊലീസ് പറഞ്ഞു.

Story Highlights kasargod pivali murder, inquest procedure, kannur medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top