മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി

മലപ്പുറം ജില്ലയിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. പെരുമണ്ണ സ്വദേശിനി ഖദീജ, കൊണ്ടോട്ടി കൊട്ടുകര സ്വദേശി മൊയ്തീൻ എന്നിവരാണ് മരിച്ചത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജില്ലയുടെ ആശങ്ക വർദ്ധിക്കുകയാണ്.
കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് പെരുമണ്ണ സ്വദേശിനി ഖദീജ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്. അവിടെവച്ചു നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും മഞ്ചേരി മെഡിക്കൽ കോളജിലെ കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. കൊവിഡ് ന്യൂമോണിയയും മറ്റ് അസുഖങ്ങളും കണ്ടെത്തിയതോടെ വെന്റിലേറ്റർ ചികിത്സ നൽകിയെങ്കിലും ഇന്നലെ രാത്രി മരിക്കുകയായിരുന്നു.
ഹൃദയ-കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്ന കൊട്ടുകര സ്വദേശി മൊയ്തീൻ ശക്തമായ ശ്വാസം മുട്ടൽ ഉണ്ടായതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ അഡ്മിറ്റായത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയും ഇന്നലെ രാത്രിയിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സമ്പർക്കത്തിലൂടെയാണ് മൊയ്തീൻ രോഗബാധിതനായത്. രോഗ വ്യാപന ഭീതി നിലനിൽക്കുന്ന കൊണ്ടോട്ടിയിലേ നാലാമത്തെ മരണമാണ് ഇത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിനാറായി. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ആണ് ജില്ലയെ ആശങ്കപ്പെടുത്തുന്നത്. നേരത്തെ ഒറ്റപ്പെട്ട മേഖലകൾ കേന്ദ്രീകരിച്ചാണ് സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ജില്ലയിൽ വ്യാപകമായി സമ്പർക്ക രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൽ അതിൽ 118 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Story Highlights – Covid death, Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here