കൊവിഡിനെ പ്രതിരോധിക്കാൻ നാരങ്ങാ നീരിന് സാധിക്കുമോ? [24 Fact Check]

അഞ്ജന രഞ്ജിത്ത്/
കൊവിഡിനെ പ്രതിരോധിക്കാൻ നിരവധി മാർഗങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിലേറെയും ശാസ്ത്രീയ പിൻബലം ഇല്ലാത്തവയാണ് എന്നതാണ് സത്യം. ഇടക്കിടക്ക് ചെറു ചൂടുവെള്ളത്തിൽ കലർത്തിയ നാരങ്ങ നീര് കുടിച്ചാൽ കൊവിഡിനെ ചെറുക്കാമെന്ന് ഒരു പ്രാചാരണമുണ്ട്. കൊവിഡിനെ അകറ്റാൻ നാരങ്ങാ നീരിന് സാധിക്കുമോ? പരിശോധിക്കാം.
കൊവിഡ് ബാധിതരായ അമിതാബ് ബച്ചനേയും അഭിഷേക് ബച്ചനേയും നിരീക്ഷിക്കുന്ന മുംബൈ നാനാവതി ആശുപത്രിയിലെ ഡോക്ടർമാർ കൊവിഡ് ബാധിതർക്ക് നിർദേശിച്ച മരുന്നെന്ന രീതിയിലാണ് ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നാനാവതി ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.അൻസാരിയുടേയും ഡോ.ലിമായെയും പേരിലാണ് പ്രചാരണം. നിലവിൽ കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ നൽകുന്ന ചികിത്സയ്‌ക്കൊപ്പം ഇത്തരം ഭക്ഷണവും നൽകുന്നുണ്ടെന്നും പ്രചാരകർ അവകാശപ്പെടുന്നു.
ചൂടുവെള്ളത്തിലുളള നാരങ്ങ വെള്ളം ഇടവിട്ട് രോഗികൾക്ക് നൽകും, ചൂട് പാലിൽ ചേർത്ത മഞ്ഞൾ കുടിച്ചാൽ ആൻറി കൊറോണയായി പ്രവർത്തിക്കുമെന്നുമാണ് പ്രചാരണം. നിരവധി ഭാഷകളിൽ ഈ പൊടിക്കെകൾ ഒരുപാട് പേർക്ക് ലഭിച്ചിട്ടുണ്ടാവും.എന്നാൽ കൊവിഡ് ബാധിതനായി മുംബൈ നാനാവതി ആശുപത്രിയിൽ കഴിയുന്ന അമിതാബ് ബച്ചനെ ചികിത്സിച്ച ഡോക്ടർമാർ ഇത്തരത്തിലൊരു നിർദേശം പങ്കുവെച്ചിട്ടില്ല
പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് മുംബൈ നാനാവതി ഹോസ്പിറ്റൽ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. വിറ്റമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കും, എന്നാൽ കൊവിഡ് ബാധിതർക്ക് ചികിത്സക്കായി ഇത്തരത്തിൽ ഒരു നിർദേശവും ആരോഗ്യവിദഗ്ധർ നൽകിയിട്ടില്ല. പ്രചരിക്കുന്ന പോലെ മഞ്ഞളോ, ഇഞ്ചിയോ നാരങ്ങയോ കൊവിഡിനെ നശിപ്പിക്കുമെന്നതിന് തെളിവില്ല. അതിനാൽ ഈ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.
Story Highlights – Corona virus, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here