കോട്ടയത്ത് മഴക്കെടുതിയിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

കോട്ടയത്ത് വെള്ളക്കെട്ടിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പെരുമ്പായിക്കാട് സ്വദേശി സുധീഷ് (28), നട്ടാശ്ശേരി സ്വദേശി കുര്യൻ ഏബ്രഹാം (60) എന്നിവരാണ് മരിച്ചത്. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.
Read Also : പെട്ടിമുടി മണ്ണിടിച്ചിൽ: ഇതുവരെ കണ്ടെത്തിയത് 41 മൃതദേഹങ്ങൾ
കഴിഞ്ഞ ദിവസം മണർകാട് കാർ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർ ഒഴുക്കിൽപെട്ടപ്പോൾ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിൻ കാറിനുള്ളിൽ പെട്ടത്. നാട്ടുകാരെ സഹായത്തിന് വിളിച്ച് ക്രെയിൻ ഏർപ്പാടാക്കിയ ശേഷം കാറിൽ ഹാൻഡ് ബ്രെയ്ക്ക് മാറ്റാനായി കയറിയതായിരുന്നു. കാറിനുള്ളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടിലേക്ക് ഒഴുകി പോകുകയും ചെയ്തു. എയർപോർട്ടിൽ ടാക്‌സി ഡ്രൈവറായിരുന്നു ജസ്റ്റിൻ.
അതേസമയം കോട്ടയത്ത് ചിലയിടങ്ങളിൽ മഴ തുടരുകയാണ്. കുമരകം റോഡിൽ വെള്ളക്കെട്ട് തുടരുന്നു. എംസി റോഡിൽ ഗതാഗത തടസം നീങ്ങി. കോട്ടയത്തേയും ആലപ്പുഴയേയും ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം വെള്ളത്തിൽ തന്നെയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
കോട്ടയം നഗരപ്രദേശങ്ങളിൽ നിന്നും ചെറിയ തോതിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. 5500 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. പാലായിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ഈരാറ്റുപേട്ട റോഡിൽ നിന്നും ഏറ്റുമാനൂർ റോഡിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ട്.
Story Highlights – kottayam, heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here