Advertisement

ഇഐഎ വിജ്ഞാപനം; മോദിയും പിണറായിയും പരിസ്ഥിതിയുടെ ശത്രുക്കള്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

August 10, 2020
2 minutes Read
mullappalli ramachandran

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരിസ്ഥിതിയുടെ ശത്രുക്കളാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്യന്തം ആപത്കരമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനം (ഇഐഎ നോട്ടിഫിക്കേഷന്‍ 2020) എത്രയും വേഗം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേരള സര്‍ക്കാര്‍ അവസാന നിമിഷത്തിലും തയാറാകാത്തത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേപാതയിലാണ് കേരള മുഖ്യമന്ത്രിയും മുന്നോട്ട് പോകുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന കാര്യത്തിലും രണ്ടു സര്‍ക്കാരും തുല്യപങ്കാളികളാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍പ്പോലും ക്വാറികള്‍ക്ക് തുടരെ അനുമതി നല്‍കുകയാണ് കേരള സര്‍ക്കാരെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം പരിസ്ഥിതി നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ക്കുന്ന ഭയാനകമായ തീരുമാനമാണിത്. ആഗോള മുതലാളിത്ത താത്പര്യങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുന്ന കേന്ദ്ര സര്‍ക്കാരിന് താത്കാലികമായ സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യം. സ്ഥാപിത താത്പര്യക്കാര്‍ക്ക് പരിസ്ഥിതിയെ ചൂക്ഷണം ചെയ്യാനുള്ള സാധ്യതകള്‍ക്ക് നിയമപരമായി അംഗീകാരം കൊടുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കരട് വിജ്ഞാപനം. വനമേഖലയിലുള്ള റെയില്‍-ദേശീയപാത നിര്‍മാണം, ധാതുമണല്‍ ഖനനം, കല്‍ക്കരി ഖനനം, പാറ ഖനനം, ആണവ നിലയങ്ങള്‍, താപനിലയങ്ങള്‍, ജലവൈദ്യുത പദ്ധതികള്‍ തുടങ്ങി നിരവധി പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതികള്‍ക്ക് കണ്ണടച്ച് അംഗീകാരം നല്‍കുന്നതാണ് ഈ വിജ്ഞാപനം.

പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന മാനദണ്ഡം ഒഴിവാക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. ഇത് വിചിത്രമായ തീരുമാനമാണ്. 1986 ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഏറ്റവും ശക്തമായ പരിസ്ഥിതി നിയമം ഉണ്ടാക്കിയത്. 1994 ലാണ് ഇഐഎ സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നത്. ഈ നടപടികളെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. മോദി അധികാരത്തിലെത്തിയ ശേഷം ഇതെല്ലാം അട്ടിമറിക്കുകയാണ്. സമീപകാലത്താണ് വിശാഖപട്ടണത്ത് വാതക ചോര്‍ച്ചയും ആസാമില്‍ ഓയില്‍ ഇന്ത്യാ ലിമിറ്റഡില്‍ അഗ്‌നിബാധയും ഉണ്ടായത്. ആയിരങ്ങളുടെ ജീവന്‍ നഷ്ടമായ ഭോപ്പാല്‍ ദുരന്തം മറക്കാനാവില്ല.

ലോകരാജ്യങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ എല്ലാ നിയമങ്ങളും പിച്ചിച്ചീന്തി പരിസ്ഥിതിയെ ഏതുവിധേനയും ചൂക്ഷണം ചെയ്യാന്‍ പുതിയ നിയമസാധ്യതകള്‍ തുറന്നിടുന്നത്. പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള ദിവസം വെട്ടിച്ചുരുക്കി. പ്രകൃതി വിഭവം ആര്‍ക്കോ വിറ്റുതുലയ്ക്കാനുള്ള ധൃതിയിലാണ് കേന്ദ്രസര്‍ക്കാര്‍.

പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കെതിരെ ജനങ്ങള്‍ക്ക് പാരതിപ്പെടാനാകില്ലെന്ന തലതിരിഞ്ഞ വ്യവസ്ഥയും വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാര്‍ഹമാണ്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങളും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍. പരിസ്ഥിതി ചൂക്ഷണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുകയാണ്. പമ്പാ ത്രിവേണി മണല്‍ക്കടത്തും കരിമണല്‍ ഖനനവും ഒടുവില്‍ ജൈവവൈവിധ്യങ്ങളെ തകര്‍ക്കുന്ന അതിരപ്പള്ളി പദ്ധതിയ്ക്ക് അനുമതി നല്‍കിയതുമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതി ദ്രോഹം തുറന്ന് കാട്ടപ്പെട്ടുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights Mullappally Ramachandran, eia draft 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top