മലപ്പുറത്ത് 242 പേര്‍ക്ക് കൂടി കൊവിഡ്; 199 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 32 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 167 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. വിദഗ്ധ ചികിത്സക്ക് ശേഷം 51 പേരാണ് ഇന്ന് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 2,158 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

35,958 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,340 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 430 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 10 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 88 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 47 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 81 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 680 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,470 പേര്‍ വീടുകളിലും 1,148 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

Story Highlights covid 19, coronavirus, malapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top