പൊതിച്ചോറില്‍ കരുതിവച്ച സ്‌നേഹം; മേരി സെബാസ്റ്റ്യന്‍ കാണിച്ചുതന്നത് ഏതു പ്രതിസന്ധിഘട്ടത്തെയും മറികടക്കാമെന്ന മാതൃക: മുഖ്യമന്ത്രി

പൊതിച്ചോറില്‍ സ്‌നേഹവും കരുതലും ഒളിപ്പിച്ച വീട്ടമ്മയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ അപരനോടുള്ള കരുതലും സ്‌നേഹവുമാണ് ഏതു പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ഒരു സമൂഹത്തിന്റെ കരുത്തായി മാറുന്നത്. ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയില്‍ തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ചുകൊണ്ട് കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ നമുക്ക് കാണിച്ചുതന്നത് ഈ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് അവര്‍ കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്കായി മാറ്റിവയ്ക്കുകയായിരുന്നു. മനുഷ്വത്വത്തിന്റെ നിഷ്‌കപടമായ ഈ ആവിഷ്‌കാരങ്ങള്‍ നമുക്ക് ഏവര്‍ക്കും പ്രചോദനമായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എസ് ഷിജുവിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു കുറിപ്പിലൂടെയാണ് മേരി സെബാസ്റ്റ്യന്റെ സ്‌നേഹവും കരുതലും ലോകം അറിഞ്ഞത്. കൊവിഡ് വ്യാപനത്തിനിടയിലാണ് എറണാകുളം ചെല്ലാനം മേഖല കടലാക്രമണ ഭീഷണിയിലേക്കും എത്തുന്നത്. ഇവര്‍ക്കായി കണ്ണമാലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ശേഖരിച്ച ഭക്ഷണപ്പൊതികളിലൊന്നില്‍ നിന്നാണ് നൂറുരൂപ ലഭിച്ചത്. ഊണ് പൊതിഞ്ഞ കവറില്‍ കറികള്‍ക്കിടയില്‍ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ നോട്ടായിരുന്നു അത്.
വിവരം കണ്ണമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പിഎസ് ഷിജു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. ഒരു പഴം കൊടുത്താല്‍ പോലും അത് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറില്‍ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പില്‍ നമിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.
Read Also : ചെല്ലാനത്ത് വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷണപ്പൊതിയിൽ 100 രൂപ നോട്ട്; ഹൃദ്യമായ കുറിപ്പുമായി പൊലീസ് ഓഫീസർ
വിതരണം ചെയ്ത ഭക്ഷണപ്പൊതികള്‍ ഓരോരോ വീടുകളില്‍ നിന്നും അഞ്ചും പത്തും പൊതികള്‍ വീതം ശേഖരിച്ചവയായിരുന്നു. അതിനാല്‍ ആരാണ് നോട്ട് ഭക്ഷണപൊതിയില്‍ നല്‍കിയതെന്ന് കണ്ടെത്തുക പ്രയാസവും. എന്നാല്‍, ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ നിരവധിയാളുകളാണ് നൂറുരൂപയുടെ ഉടമയെ കണ്ടെത്തണമെന്ന് ആവശ്യമുന്നയിച്ചത്. ഇതോടെ കണ്ണമാലി പൊലീസ് തിരക്കിയിറങ്ങുകയായിരുന്നു. ഒടുവില്‍ കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റ്യനാണ് പൊതിച്ചോറില്‍ നൂറുരൂപ വച്ചുനല്‍കിയതെന്ന് കണ്ടെത്തുകയായിരുന്നു.
തൊഴിലുറപ്പിലൂടെ ലഭിച്ച നൂറ് രൂപയാണ് മേരി സെബാസ്റ്റ്യന്‍ പൊതിച്ചോറില്‍ കരുതലായി വച്ചത്. ഭക്ഷണ പൊതി ലഭിക്കുന്ന ആള്‍ക്ക് ഉപകരിക്കുമെന്ന് കരുതിയാണ് നൂറ് രൂപ വച്ചതെന്ന് മേരി സെബാസ്റ്റ്യന്‍ പറഞ്ഞു. മറ്റൊന്നും മനസില്‍ കരുതിയില്ലെന്നും മേരി സെബാസ്റ്റ്യന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights – mary sebastian, food package, cm talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here