ഓൺലൈൻ പഠനം; 1.78 ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ സ്മാർട്ട് ഫോൺ നൽകാനൊരുങ്ങി പഞ്ചാബ് സർക്കാർ

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനൊരുങ്ങി പഞ്ചാബ് സർക്കാർ. സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങൾ കുട്ടികൾക്ക് അതിവേഗം ലഭിക്കുന്നതിനായുള്ള പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 12 ന് ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാന് ഇനിയും വൈകുമെന്നതിന്റെ അടിസ്ഥാനത്തിലുമാണ് ഇത്തരമൊരു പദ്ധതി സർക്കാർ ആസൂത്രണം ചെയ്തത്.
സംസ്ഥാനത്ത് പദ്ധതി നടപ്പാകുന്നതോടെ യുവജനതയ്ക്ക് നൽകിയ വാഗ്ദാനം സർക്കാർ നിറവേറ്റുന്നതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. നിലവിൽ കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ജില്ലാ ആസ്ഥാനങ്ങളും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉൾപ്പെടുന്ന 26 വിവിധ ഭാഗങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്.
എല്ലാ പട്ടണങ്ങളിലേയും 15 വിദ്യാർത്ഥികളെ മാത്രമായിരിക്കും പരിപാടിയിൽ പങ്കെടുപ്പിക്കുക. ഇതു സംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മിഷണർമാർക്കും മുഖ്യമന്ത്രി കത്തയച്ചു. നവംബറോടെ സംസ്ഥാനത്തെ 1.78 ലക്ഷത്തോളം വരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകുകയെന്നതാണ് സർക്കാർ ലക്ഷ്യം.
വിതരണം ചെയ്യുന്ന ഫോണുകളിൽ സർക്കാരിന്റെ ഇ- സേവ ആപ്പിനൊപ്പം ‘ക്യാപ്റ്റൻ സ്മാർട്ട് കണക്ട്’ എന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ചിത്രവും ഫോണിന്റെ പിൻഭാഗത്ത് പതിപ്പിച്ചിരിക്കും.
Story Highlights – Online learning; Punjab govt to provide free smartphones to 1.78 lakh students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here