പൂജാരിമാർ ഉൾപ്പെടെ 22 പേർക്ക് കൊവിഡ്; വൃന്ദാവൻ ഇസ്കോൺ ക്ഷേത്രം അടച്ചു

Vrindavan ISKCON Temple Sealed

ഉത്തർപ്രദേശിലെ വൃന്ദാവൻ ഇസ്കോൺ ക്ഷേത്രം അടച്ചു. പൂജാരിമാർ ഉൾപ്പെടെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജന്മാഷ്ടമി ആഘോഷങ്ങൾ തുടങ്ങാനിരിക്കെ ചൊവ്വാഴ്ചയാണ് ക്ഷേത്രം അടച്ചത്.

ക്ഷേത്രത്തിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് 165 ടെസ്റ്റുകളാണ് ആരോഗ്യപ്രവർത്തകർ നടത്തിയത്. ഈ ടെസ്റ്റുകളിൽ 22 എണ്ണം പോസിറ്റീവ് ആവുകയായിരുന്നു. ജൂലായ് നാലിന് അമേരിക്കയിലെ ഫ്ലോറിഡയിൽ കൊവിഡ് ബാധിച്ച് മരിച്ച ഇസ്കോൺ നേതാവ് ഭക്തി ചാരു സ്വാമിയുടെ അന്ത്യകർമ്മങ്ങൾ ബംഗാളിലാണ് നടത്തിയത്. ഉത്തർപ്രദേശ് വൃന്ദാവൻ ഇസ്കോണിലെ ചിലർ ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു. രണ്ടാഴ്ചക്ക് മുൻപാണ് അവർ ഉത്തർപ്രദേശിലേക്ക് തിരികെ എത്തിയത്. ഈ സംഘത്തിൽ പെട്ട രണ്ട് പേരാണ് ആദ്യമായി കൊവിഡ് പോസിറ്റീവ് ആയത്.

Read Also : തിരുപ്പതി ക്ഷേത്രത്തിലെ ആകെ കൊവിഡ് ബാധ 743; മൂന്ന് മരണം: ക്ഷേത്രം അടക്കില്ലെന്ന് അധികൃതർ

ഡൽഹി ഇസ്കോണിലെ ജന്മാഷ്ടമി ആഘോഷങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനം അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാവും പ്രവേശനം. ഇവർ സാനിറ്റൈസർ ടണലിലൂടെ കടന്ന് പോവുകയും തെർമൽ ഗണ്ണുകൾ കൊണ്ട് പരിശോധിക്കപ്പെടുകയും ചെയ്യും. ക്ഷേത്രത്തിനകത്ത് ഭക്ഷണവിതരണം ഉണ്ടാവില്ല.

ബെംഗളൂരു ഇസ്കോണിൽ ജന്മാഷ്ടമി ആഘോഷങ്ങൾ ഓൺലൈനായി സ്ട്രീം ചെയ്യും. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ഭക്തർക്ക് ആഘോഷത്തിൽ വിർച്വലായി പങ്കെടുക്കാം.

അതേസമയം, തിരുപ്പതി ക്ഷേത്രത്തിലെ ആകെ കൊവിഡ് ബാധ 743 ആയി. കൊവിഡ് ഇടവേളക്ക് ശേഷം ജൂൺ 11ന് തുറന്ന ക്ഷേത്രത്തിലെ കൊവിഡ് ബാധിതരിൽ 3 പേർ മരണപ്പെട്ടു. പുരോഹിതരടക്കമുള്ള ജീവനക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷേത്ര അധികാരികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലും ക്ഷേത്രം അടക്കില്ലെന്ന് ക്ഷേത്ര അധികാരികൾ വ്യക്തമാക്കിയിരുന്നു.

Story Highlights Vrindavan ISKCON Temple Sealed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top