അഭ്യൂഹങ്ങൾക്ക് വിട; സഹൽ 2025 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി. 2025 വരെയാണ് ക്ലബ് താരവുമായി കരാർ ദീർഘിപ്പിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ഈ കണ്ണൂരുകാരനെ ഇന്ത്യൻ ഓസിൽ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇക്കൊല്ലം താരം എടികെയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ തള്ളിയാണ് ഇപ്പോൾ കരാർ ദീർഘിപ്പിച്ചിരിക്കുന്നത്. 2018ലാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറിയത്.
Read Also : ബ്ലാസ്റ്റേഴ്സിന്റെ ദയനീയ പ്രകടനങ്ങൾക്ക് മൂന്ന് കാരണങ്ങൾ: ഈൽകോ ഷറ്റോരി
യുഎഇയിലെ അൽ-ഐനിലാണ് സഹൽ ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു. ഹയർ സെക്കണ്ടറി വരെയുള്ള യുഎഇ ജീവിതത്തിനിടയിൽ അൽഐൻ എത്തിഹാദ് അക്കാദമിയിലും ജി 7 അൽഐനിലുമായി പന്ത് തട്ടിപ്പഠിച്ച സഹൽ കോളേജ് പഠനത്തിനായി കേരളത്തിലെത്തി. പയ്യന്നൂർ കോളേജ് ടീമിൽ ഇടം നേടിയ സഹൽ കണ്ണൂർ സർവകലാശാല ടീമിലെത്തുകയും അതു വഴി 2017 സന്തോഷ് ട്രോഫി ടീമിലെത്തുകയും ചെയ്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിനായി ഗംഭീര പ്രകടനം പുറത്തെടുത്ത സഹൽ താമസിയാതെ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ ഇടം പിടിച്ചു. സെക്കൻഡ് ഡിവിഷൻ ലീഗിൽ 10 മത്സരങ്ങൾ കളിച്ച സഹൽ 7 ഗോളുകൾ നേടി. സെക്കൻഡ് ഡിവിഷനിലെ മികച്ച പ്രകടനം സഹലിനെ സീനിയർ ടീമിലെത്തിച്ചു.
Read Also : എടികെയുമായി കരാർ പുതുക്കി; ജോബി ജസ്റ്റിൻ ബ്ലാസ്റ്റേഴ്സിലേക്കില്ല
സഹലിൻ്റെ ആദ്യ പ്രൊഫഷണൽ ക്ലബായിരുന്നു ബ്ലാസ്റ്റേഴ്സ്. വളരെ വേഗം മികച്ച കളിക്കാരനെന്നു പേരെടുത്ത സഹൽ ഏറെ വൈകാതെ ഇന്ത്യൻ ടീമിലും കളിച്ചു. 2018ലെ മികച്ച യുവതാരമായി എഐഎഫ്എഫ് സഹലിനെ തിരഞ്ഞെടുത്തിരുന്നു.
ബ്ലാസ്റ്റേഴ്സിനായി 37 മത്സരങ്ങൾ കളിച്ച സഹൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. ഇന്ത്യക്കായി 9 മത്സരങ്ങളിലും താരം ബൂട്ടണിഞ്ഞു.
Story Highlights – sahal abdul samad extended contract till 2025 for kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here