പെട്ടിമുടിയിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 55 ആയി

രാജമല പെട്ടിമുടി ദുരന്തത്തിൽ രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഇന്നു രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ ആകെ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി.

അപകടത്തിൽപ്പെട്ട പതിനഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ തുടരുകയാണ്. 57 പേരടങ്ങുന്ന 2 എൻഡിആർഎഫ് ടീമും, ഫയർ & റെസ്‌ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, എറണാകുളത്ത് നിന്നും 50 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും, പാലക്കാട് നിന്നും 6 അംഗങ്ങളും 24 വളണ്ടിയർമാരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കേരള ആംഡ് പൊലീസിന്റെ 50 അംഗങ്ങളും, ലോക്കൽ പൊലീസിന്റെ 25 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 100 അംഗങ്ങളും, സ്പെഷ്യൽ ബ്രാഞ്ചിന്റെ 3 അംഗങ്ങളും, ക്രൈം ബ്രാഞ്ചിന്റെ 3 അംഗങ്ങളും, വാർത്താ വിനിമയ വിഭാഗത്തിന്റെ 9 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പെട്ടിമുടി ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കരിപ്പൂർ വിമാന ദുരന്തത്തിലും പെട്ടിമുടി ഉരുൾ പൊട്ടൽ ദുരന്തത്തിലും ഇരയായവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയിലെ വ്യത്യാസം വിമർശനത്തിനിടയാക്കിയിരുന്നു. പെട്ടിമുടിയിൽ ഇരയായവരുടെ ആശ്രിതർക്ക് പുനരധിവാസം കൂടി ഉറപ്പു വരുത്തേണ്ടതുണ്ടെന്നായിരുന്നു സർക്കാർ വിശദീകരണം. പുനരധിവാസം ഉറപ്പാക്കുമെന്നും എങ്ങനെ വേണമെന്നതിൽ വിശദ ചർച്ച പിന്നീട് നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Story Highlights Pettimudi, Landslide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top