Advertisement

തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 434 പേര്‍ക്ക്

August 13, 2020
1 minute Read
covid 19, coronavirus, ernakulam

തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 434 പേരില്‍ 428 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജയിലുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നാളെ കൊവിഡ് പരിശോധന നടത്തും. തലസ്ഥാന ജില്ലയില്‍ ഇത് രണ്ടാം തവണയാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാനൂറ് കടക്കുന്നത്.

434 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 428 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ചുതെങ്ങ്, മമ്പള്ളി, കായിക്കര, ബീമാപള്ളി അടക്കമുള്ള തീരമേഖലയില്‍ നിന്നാണ് ഇന്നും കൂടുതല്‍ രോഗബാധിതര്‍. അഞ്ചുതെങ്ങില്‍ മാത്രം 12 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വള്ളക്കടവ്, ഗവ. യു.പി സ്‌കൂളില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലെ 21 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

98 പേരില്‍ നടത്തിയ പരിശോധനയില്‍ 41 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 975 തടവുകാരുള്ള ജയിലില്‍ രണ്ടു ദിവസങ്ങളിലായി 100 പേര്‍ക്കാണ് നിലവില്‍ കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജയിലുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നാളെ കൊവിഡ് പരിശോധന നടത്തും. ജില്ലയുടെ മലയോര മേഖലയിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കാട്ടാക്കടയില്‍ മൂന്ന് പേര്‍ക്കും കള്ളിക്കാട് പഞ്ചായത്തില്‍ ഏഴ് പേര്‍ക്കും ഇന്ന് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി മേഖലയിലും കൊവിഡ് രോഗികള്‍ പെരുകുകയാണ്. നെയ്യാറ്റിന്‍കരയില്‍ 9 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.കഴിഞ്ഞ ദിവസം മരിച്ച മുക്കോല സ്വദേശിനി ലിസി സാജന്റെ മരണം കൊവിഡ് ബാധയെ തുടര്‍ന്നാണെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ മരിച്ച ആലമുക്ക് സ്വദേശി അബ്ദുള്‍ റഷീദ്, ആത്മഹത്യ ചെയ്ത ശാസ്താംകോണം സ്വദേശി രാജു എന്നിവര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3347 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

Story Highlights covid 19, coronavirus, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top