ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിലും പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതി

ഇഐഎ കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിലും പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതി. ഇതുസംബന്ധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ സുപ്രിംകോടതി ഇടപെട്ടില്ല. അതേസമയം, കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു.
പാരിസ്ഥിതിക ആഘാത വിലയിരുത്തലുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം 22 ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമേ വിജ്ഞാപനം ഇറക്കാന്‍ സാധിക്കുകയുള്ളുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ഔദ്യോഗിക ഭാഷ നിയമത്തില്‍ അതാണ് വ്യവസ്ഥയെന്നും വ്യക്തമാക്കി. ഇതിന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നടത്തിയ നിരീക്ഷണങ്ങള്‍ ഇങ്ങനെ: പ്രാദേശിക ഭാഷയില്‍ വിജ്ഞാപനം കഴിയില്ലെങ്കില്‍ ഔദ്യോഗിക ഭാഷ നിയമം ഭേദഗതി ചെയ്യണം. കര്‍ണാടകയിലെ ചില മേഖലകളിലും മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത ആള്‍ക്കാരുണ്ട്. ഇപ്പോള്‍ പരിഭാഷ എളുപ്പമുള്ള കാര്യമാണ്. സുപ്രിംകോടതി വിധികളും പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് തയാറായില്ല. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.
Story Highlights – EIA draft, local languages, Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here