പാസ്‌പോർട്ടും പ്രധാന രേഖകളും കത്തിയെരിഞ്ഞു; പഠനം തുടരാൻ ജർമനിയിലേക്ക് മടങ്ങാനാകാതെ ശ്രീനിവാസ മൂർത്തി എംഎൽഎയുടെ മകൻ

ബംഗളൂരു സംഘർഷത്തിൽ പുലകേശിനഗർ എംഎൽഎ ശ്രീനിവാസമൂർത്തി എംഎൽഎയുടെ വീടും കലാപകാരികൾ തീയിട്ടിരുന്നു. വാതിൽ കുത്തിത്തുറന്ന് മോഷ്ടിച്ച ശേഷമാണ് വീട് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ ശ്രീനിവാസമൂർത്തിയുടെ കുടുംബം നടുങ്ങിയിരിക്കുകയാണ്. ജർമനിയിൽ എഞ്ചിനീയറിംഗ് പഠനം നടത്തുന്ന ശ്രീനിവാസ മൂർത്തിയുടെ മകന്റെ പാസ്‌പോർട്ടും മറ്റ് രേഖകളും കത്തിയെരിഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് ശ്രീനിവാസമൂർത്തിയുടെ മകൻ നാട്ടിലെത്തിയത്. പാസ്‌പോർട്ടിനൊപ്പം സർട്ടിഫിക്കറ്റുകളും മാർക്ക് കാർഡുകളും കൈയിൽ കരുതിയിരുന്നു. ഇതാണ് സംഘടിച്ചെത്തിയവർ കത്തിച്ചത്. തന്റെ രേഖകളെല്ലാം കത്തിയെരിഞ്ഞു. താൻ ഇനി എങ്ങനെ പഠനം തുടരുമെന്ന് ശ്രീനിവാസമൂർത്തിയുടെ മകൻ ചോദിക്കുന്നു. തന്റെ പിതാവിനെ എന്തുകൊണ്ടാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് അറിയില്ലെന്നും മകൻ പറഞ്ഞു.
Read Also :ബംഗളൂരു കലാപം തെറ്റായ പ്രചരണത്തിന് പിന്നാലെ : 19 പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ
വീട് കത്തിയെരിഞ്ഞതിന്റെ ഞെട്ടലിലാണ് ശ്രീനിവാസമൂർത്തിയുടെ 27കാരിയായ മകൾ ജാനവി. ജനിച്ചത് മുതൽ താൻ ഇവിടെയാണ് കഴിയുന്നത്. തന്റെ വീട് ഈ ഒരു അവസ്ഥയിൽ കണ്ടിട്ടില്ലെന്നും ജാനവി പറഞ്ഞു. സംഘർഷത്തിന് പിന്നാലെ ആർഎഎഫ് സംരക്ഷണത്തോടെയാണ് എംഎൽഎയും കുടുംബവും വീട്ടിലേക്ക് മടങ്ങിയെത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ശ്രീനിവാസമൂർത്തി ആവശ്യപ്പെട്ടു.
Story Highlights – Bengaluru violence, Srinivasamurthy MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here