മുഖ്യമന്ത്രിക്കൊപ്പം സ്വയം നിരീക്ഷണത്തില്‍ പോവുക ഏഴ് മന്ത്രിമാര്‍; സ്പീക്കറും ചീഫ് സെക്രട്ടറിയും നിരീക്ഷണത്തില്‍

pinarayi vijayan press meet

കൊവിഡ് ബാധിതനായ മലപ്പുറം ജില്ലാകളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും സ്വയംനിരീക്ഷണത്തില്‍. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും സ്വയംനിരീക്ഷണത്തില്‍ പോയി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും കരിപ്പൂരിലെത്തിയിരുന്നെങ്കിലും നിരീക്ഷണത്തില്‍ പോയിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വയംനിരീക്ഷണത്തിലായത്. കെ.കെ. ശൈലജ, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് നിരീക്ഷണത്തിലായ മന്ത്രിമാര്‍. ആന്റിജന്‍ പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. നിരീക്ഷണം ഭരണനടപടികളെ ബാധിക്കില്ലെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം.

കരിപ്പൂരില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സ്വയം നിരീക്ഷണത്തിലായിട്ടുണ്ട്. മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും ആന്റിജന്‍ പരിശോധന നടത്താനുള്ള ക്രമീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രിയുടെ പതിവു വാര്‍ത്താസമ്മേളനം ഉണ്ടായിരിക്കില്ല.

നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും പതാക ഉയര്‍ത്തുക. നിരീക്ഷണത്തിലുള്ള മന്ത്രിമാര്‍ക്ക് ചുമതലയുണ്ടായിരുന്ന ജില്ലകളിലും പകരം ക്രമീകരണം ഏര്‍പ്പെടുത്തും.

Story Highlights chief minister and seven ministers self quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top