1850 സഹകരണ ഓണച്ചന്തകള്‍ തുടങ്ങും; വിലക്കുറവിന്റെ ഓണമൊരുക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്

ഓണക്കാലത്ത് 1850 സഹകരണ ഓണച്ചന്തകള്‍ തുടങ്ങാന്‍ തീരുമാനം. 13 സബ്സിഡി ഇനങ്ങള്‍ 45 ശതമാനംവരെ വിലക്കുറവില്‍ ഓണച്ചന്തകളിലൂടെ ലഭ്യമാക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.
സബ്സിഡിയില്ലാത്ത ഇനങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കും. 10 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഓണത്തിന് 150 കോടിയുടെ വില്‍പനയാണ് ലക്ഷ്യമിടുന്നത്. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍, എസ്സി/എസ്ടി സഹകരണ സംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.
പൊതുവിപണിയില്‍ കിലോയ്ക്ക് 220 രൂപവരെ വിലയുള്ള വെളിച്ചെണ്ണ ഓണച്ചന്തയില്‍ 92 രൂപയ്ക്ക് ലഭിക്കും. പഞ്ചസാര 22 രൂപയ്ക്കും (വിപണിയില്‍ 38-40 രൂപ) മുളക് 75 രൂപയ്ക്കും (വിപണിവില 130-140 രൂപ) ലഭിക്കും. 70 കോടിയുടെ സബ്സിഡി ഇനങ്ങളും 80 കോടിയുടെ നോണ്‍ സബ്സിഡി ഇനങ്ങളുമാണ് ഓണച്ചന്തകളിലൂടെ വില്‍ക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്.
Story Highlights – consumerfed Onam markets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here