Advertisement

ഒടുവിൽ കുവി തന്നെ കണ്ടെത്തി, കളിക്കൂട്ടുകാരിയെ…

August 15, 2020
1 minute Read

പെട്ടിമുടിയിലെ ദുരന്തം ബാക്കിവച്ച ചില നൊമ്പരപ്പെടുത്തുന്ന ഓർമകളുടെ അവശേഷിപ്പുകളിൽ ഒന്നാണ് കുഞ്ഞു ധനുവും അവളുടെ കുവി എന്ന നായക്കുട്ടിയും. ആർത്തിരമ്പിവന്ന മഴയ്ക്കും മണ്ണിടിച്ചിലിനുമൊപ്പം ധനു പോയതറിയാതെ കൂട്ടുകാരിക്കായുള്ള തിരച്ചിലിലാണ് കുവി.

ധനുവിനോടുള്ള കുവിയുടെ സ്‌നേഹം വിവരിക്കാൻ വാക്കുകൾ പോര….തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കുവി നടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ഒടുവിൽ ആർക്കും കണ്ടെചത്താൻ കഴിയാതിരുന്ന തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയെ കുവി തന്നെയാണ് കണ്ടെത്തിയത്. കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം അവൻ തന്നെ രക്ഷാപ്രവർത്തകർക്ക് കാട്ടിക്കൊടുത്തു. കുഞ്ഞുവിരലുകളാൽ സ്നേഹം പകർന്നുകൊടുത്ത കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാർഥ്യം ആ പാവം നായയ്ക്കു മാത്രം ഇനിയും മനസിലാക്കാനാവില്ല.

പെട്ടിമുടിയിൽ ഉരുൾപൊട്ടി കാണാതായവർക്കുള്ള തിരച്ചിലിന്റെ എട്ടാംദിനമായ ഇന്നലെ രാവിലെ 11 മണിയോടെയാണ് ധനുഷ്‌കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്ന കുവിയെന്ന് വിളിക്കുന്ന വളർത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയിൽ കുറുകെ കിടന്നിരുന്ന മരത്തിൽ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും പെട്ടിമുടിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെയുള്ള ഗ്രാവൽ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചിൽ നടത്തിയിരുന്നത്. ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തിൽ താഴ്ന്നു കിടന്നിരുന്നത്.

വളർത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതൽ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തിൽ ഇനി ജീവനോടെയുള്ളത്. അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെയും കുവിയും അവിടെ തന്നെ കിടക്കുകയാണ്.

Story Highlights -kuvi and dhanusshka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top