രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് നൽക്കേണ്ട പദവികൾ സംബന്ധിച്ച ചർച്ചകൾ സജീവമാക്കി ഹൈക്കമാന്റ്

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് നൽക്കേണ്ട പദവികൾ സംബന്ധിച്ച ചർച്ചകൾ സജീവമാക്കി ഹൈക്കമാന്റ്. ഉപാധികളില്ലാതെ തിരിച്ചെത്തിയതിനാൽ സച്ചിൻ പൈലറ്റിന് നൽകേണ്ട ചുമതലകൾ ഹൈക്കമാൻഡ് നിയോഗിച്ച മൂന്നംഗ സമിതിയാണ് തീരുമാനിക്കുക. രാജസ്ഥാനിലെ തർക്കം പരിഹരിച്ചത് കോൺഗ്രസിന് ആശ്വാസമായെങ്കിലും പഞ്ചാബിൽ ഉടലെടുത്ത തർക്കം കോൺഗ്രസിൽ പരിഹരിക്കാനാവാതെ നിലനിൽക്കുകയാണ്.
അതിർത്തി കാക്കുന്ന പോരാളിയാണ് താൻ എന്ന് വിശേഷിപ്പിച്ചായിരുന്നു സച്ചിൻ പൈലറ്റ് ഇന്നലെ നിയമസഭയിലെ പ്രസംഗം അവസാനിപ്പിച്ചത്. പാർട്ടിയിൽ തനിക്ക് അർഹതപ്പെട്ട പദവികൾ ലഭിക്കുമെന്ന പ്രതീക്ഷ തന്നെയാണ് പൈലറ്റിനുള്ളത്. നഷ്ടപ്പെട്ടുപോയ പിസിസി അധ്യക്ഷ സ്ഥാനത്തിന് പകരം സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാൻഡ് ആലോചന. ചർച്ചകൾ പുരോഗമിക്കുകയാണ്. വൈകാതെ ഈ കാര്യത്തിൽ കോൺഗ്രസ് തീരുമാനം കൈക്കൊള്ളും.
ഒരു മാസം മുൻപ് നടത്തിയ വിമത നീക്കത്തെ തുടർന്നാണ് ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ പദവി എന്നിവ സച്ചിൻ പൈലറ്റിന് നഷ്ടമായത്. കൂടാതെ തിരിച്ചെത്തിയ എംഎൽഎമാരെ ഉൾക്കൊള്ളിച്ചുകൊണ്ട് രാജസ്ഥാനിൽ മന്ത്രിസഭാ പുനസംഘടനയും വൈകാതെ ഉണ്ടാകും. അതിനിടെ പഞ്ചാബിൽ മുഖ്യമന്ത്രി അമരേന്ദ്ര സിംഗിനെതിരെ എംപി പ്രതാപ് സിംഗ് ബാജ്വ രംഗത്ത് വന്നതാണ് കോൺഗ്രസിന് തലവേദനയായത്. ബാജ്വയുടെ സുരക്ഷ പിൻവലിച്ചത് പരസ്യ തർക്കത്തിലേക്ക് വഴിമാറി. താങ്കൾ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും പട്യാലയിലെ മഹാരാജാവല്ലെന്ന് അമരേന്ദ്ര സിംഗിനെതിരെ ബാജ്വയുടെ പ്രസ്താവനയും വിവാദമായി.
Story Highlights – The High Command has intensified discussions on the status to be given to Sachin Pilot in Rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here