Advertisement

‘വൈകാരികമല്ലാത്ത’ 16 വർഷങ്ങൾ; എംഎസ് ധോണി പാഡഴിക്കുമ്പോൾ

August 16, 2020
3 minutes Read
16 years of ms dhoni

ഏപ്രിൽ 5, 2005. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ രണ്ടാം ഏകദിനം വിശാഖപട്ടണത്ത് നടക്കുന്നു. ഇന്ത്യയാണ് ആദ്യം ബാറ്റു ചെയ്യുന്നത്. നാലാം ഓവറിലെ രണ്ടാം പന്തിൽ സച്ചിൻ റണ്ണൗട്ട്. ഇന്ത്യൻ സ്കോർ ബോർഡിൽ 26 റൺസ് മാത്രം. ഗാലറി നിശബ്ദമായി. സച്ചിൻ പുറത്തായാൽ ടെലിവിഷൻ ഓഫ് ചെയ്യുന്നവരും കളി കാണൽ മതിയാക്കിപ്പോകുന്നവരുമായ ഒരു വലിയ സംഘം കളിയാരാധകരുള്ള സമയമായിരുന്നു അത്. വൺ ഡൗൺ ഇറങ്ങേണ്ടത് ഓഫ് സൈഡിലെ ദൈവം ഗാംഗുലിയാണ്. പക്ഷേ, ടീം ക്യാപ്റ്റൻ കൂടിയായ ഗാംഗുലിയ്ക്ക് മറ്റു ചില പ്ലാനുകളായിരുന്നു ഉണ്ടായിരുന്നത്. മൈതാന മധ്യത്തിലേക്ക് ബാറ്റ് ചുഴറ്റി മഹേന്ദ്ര സിംഗ് ധോണി എന്ന നീളൻ മുടിക്കാരൻ പയ്യൻ നടന്നടുത്തപ്പോൾ കാണികൾ തലയിൽ കൈ വെച്ചു. ബംഗ്ളാദേശ് പോലൊരു ദുർബല ടീമിനെതിരെ 5 കളികളിൽ നിന്ന് വെറും 22 റൺസ് മാത്രമെടുത്ത ഇയാളെ എന്തിനാണ് വൺ ഡൗൺ ഇറക്കുന്നതെന്ന ചോദ്യമായിരുന്നു കാണികളുടെ മുഖത്ത്.

റാണാ നവീദുൽ ഹസന്റെ നാലാം ഓവറിലെ ബാക്കിയുള്ള നാല് പന്തുകളിൽ നിന്ന് ഓരോ സിക്സും ബൗണ്ടറിയുമടിച്ച് സെവാഗ് സച്ചിൻ പുറത്തായ ഞെട്ടൽ കാണികളിൽ നിന്നും തട്ടിയെടുത്തു. അഞ്ചാം ഓവറിലെ ആദ്യ പന്ത്. ധോണി ആ മത്സരത്തിൽ നേരിട്ട ആദ്യ ഡെലിവറി. പന്തെറിഞ്ഞത് മുഹമ്മദ് സമി. ഓഫ് സ്റ്റമ്പിന് തൊട്ടു പുറത്ത് 140 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള ഗുഡ് ലെങ്ത് ഡെലിവറി. ഒരു ശരാശരി ബാറ്റ്സ്മാൻ ലീവ് ചെയ്യാറാണ് പതിവ്. അല്ലെങ്കിൽ കവറിലൂടെ കാർപ്പറ്റ് ഷോട്ടിന് ശ്രമിക്കും. ധോണി പക്ഷേ, കോപ്പിബുക്ക് ശൈലികൾക്കു നേരെ പുറം തിരിഞ്ഞു നിന്ന ഒരു ‘സ്ട്രീറ്റ് സ്മാർട്ട്’ ക്രിക്കറ്ററായിരുന്നു. ആ പന്ത് മിഡ് ഓഫിലൂടെ ധോണി ലോങ്ങ് ഓഫ് ബൗണ്ടറിയിലേക്ക് പായിച്ചു. ‘ആഹാ, ഇവൻ കൊള്ളാലോ’ എന്ന തോന്നലുണ്ടാക്കിയ ഒരു ഷോട്ട്. ഷാരൂഖ് ഖാൻ പറഞ്ഞത് പോലെ പിക്ച്ചർ അഭി ബാക്കി ഹേ മേരാ ദോസ്ത് എന്ന ടാഗ് ലൈൻ ആ ഷോട്ടിന് പതിച്ചു നല്കാമായിരുന്നുവെന്ന് കുറച്ച് സമയത്തിന് ശേഷമാണ് മനസ്സിലായത്. ആ ഷോട്ട് വെറും ട്രെയിലറായിരുന്നു. അന്ന് ധോണി എടുത്തത് 123 പന്തുകളിൽ 148 റൺസ്! ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ധോണി അന്ന് സ്വന്തം പേരിൽ കുറിച്ചു.

Read Also : എന്തുകൊണ്ട് ധോണി കൃത്യം 7.29ന് വിരമിച്ചു?; ഇതാ അതിനുള്ള ഉത്തരം

അതൊരു തുടക്കമായിരുന്നു. സച്ചിൻ, സച്ചിൻ എന്ന് മാത്രം ഉയർന്നു കേട്ടിരുന്ന ഗാലറിയിൽ നിന്നും ധോണി, ധോണി എന്ന് കേൾക്കാനും ആരാധനയുടെ അന്ധമായ വേഷപ്പകർച്ചകൾ സച്ചിൻ ആരാധകരിൽ നിന്നും ഭൂമിയിലേക്കിറങ്ങി വരാനും തുടങ്ങിയത് ഈ മനുഷ്യന്റെ ‘അഗ്രിക്കൾച്ചറൽ ഷോട്ടുകളി’ലൂടെയായിരുന്നു. പക്ഷേ, ഈ കണ്ടതൊന്നുമല്ല, ഇനി കാണാറുള്ളതാണ് കളി എന്ന് ധോണി അടുത്ത സീരീസിൽ, ശ്രീലങ്കക്കെതിരെ തെളിയിച്ചു.

ഒക്ടോബർ 31 നായിരുന്നു കളി. ജയ്പൂരിൽ നടന്ന മൂന്നാം ഏകദിനം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക സംഗക്കാരയുടെ സെഞ്ചുറിയുടെയും ജയവർധനയുടെ അർധസെഞ്ചുറിയുടെയും ബലത്തിൽ ഇന്ത്യക്ക് മുന്നിൽ 299 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വെച്ചു. ജയിക്കണമെങ്കിൽ സച്ചിനും സെവാഗും കളിക്കണം. അതാണ് അവസ്ഥ. ആദ്യ ഓവറിലെ അവസാന പന്തിൽ രണ്ടു റൺസെടുത്ത സച്ചിനെ ചാമിന്ദ വാസ് വിക്കറ്റിന് പിന്നിൽ സംഗയുടെ കൈകളിലെത്തിച്ചു. ഇന്ത്യ തോൽവി ഉറപ്പിച്ചു. വീണ്ടും ഗാംഗുലിയുടെ പരീക്ഷണം. ധോണി വൺ ഡൗണായി കളത്തിൽ. വാസിനെ കവറിനു മുകളിലൂടെ സിക്സറടിച്ചാണ് ധോണി തുടങ്ങിയത്. 47 ആം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യ വിജയതീരമണയുമ്പോൾ 145 പന്തുകളിൽ നിന്നും 183 റൺസുമായി പുറത്താവാതെ ധോണി ക്രീസിലുണ്ടായിരുന്നു. ക്രിക്കറ്റ് ലോകം വാപിളർന്നിരുന്നു പോയ ആ ഇന്നിംഗ്സിൽ 15 ബൗണ്ടറികളും ആറ് സിക്സറുകളും ആ ബാറ്റിൽ നിന്നും പിറന്നു. ക്രിക്കറ്റിന്റെ കളി നിയമങ്ങൾ കാറ്റിൽ പറത്തി അന്ന് ധോനി റൺസടിച്ചു കൂട്ടിയത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടത്.

ഫ്രണ്ട് ഫൂട്ട് അത്ര പിന്നിലേക്കാക്കി ഇത്ര പവർ ജനറേറ്റ് ചെയ്യാൻ ഇയാൾക്കെങ്ങനെ കഴിയുന്നു എന്നവർ പരസ്പരം ചോദിച്ചു. കത്തിജ്വലിച്ച് മാഞ്ഞു പോയ നിരവധി കൂറ്റനടിക്കാരുടെ നിരയിലേക്ക് അവർ ധോണിയേയും ചേർത്തു വെച്ചു. ടെക്നിക്കൽ പെർഫെക്ഷനില്ലാത്ത ഒരു കളിക്കാരൻ അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കാൻ പോകുന്നില്ല എന്നവർ നീണ്ട ലേഖനങ്ങളെഴുതി. എന്നാൽ ഒന്നര പതിറ്റാണ്ടിനു ശേഷം ലോകത്ത് മറ്റൊരു ക്യാപ്റ്റനും സ്വന്തമാക്കാൻ കഴിയാത്ത ഒരുപിടി നേട്ടങ്ങളും ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്റെ ചാരിതാർഥ്യവും കൈമുതലാക്കിയാണ് അയാൾ പടിയിറങ്ങുന്നത്.

ഉത്തരാഞ്ചലിൽ നിന്നും റാഞ്ചിയിലേക്ക് കുടിയേറിയ പാന് സിംഗിന്റെയും ദേവകി ദേവിന്റെയും പുത്രന് ചെറുപ്പത്തിൽ ഒസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിനോടും സച്ചിനോടുമായിരുന്നു ആരാധന. അതീനു പുറമേ അമിതാഭ് ബച്ചനെയും ലതാ മങ്കേഷ്ക്കറെയും ഇഷ്ടപ്പെട്ടു. ബൈക്കാണ് ധോനിയുടെ മറ്റൊരു കമ്പം. പഠിച്ചിരുന്ന ദേവ് സ്കൂളിൽ ബാഡ്മിന്റണിലും ഫുട്ബോളിലുമായിരുന്നു ധോണിയുടെ കമ്പം.

ജില്ലാ ടീമുകളിലും ക്ലബ്ബ് തലത്തിലും മികവ് തെളിയിച്ച ധോണി പത്താം ക്ലാസ്സിനു ശേഷമായിരുന്നു സജീവ ക്രിക്കറ്റിൽ എത്തിയത്. ഫുട്ബോളിൽ ഗോളിയുടെ വേഷത്തിലായിരുന്ന ധോണിയെ ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടത് ഫുട്ബോള് പരിശീലകൻ തന്നെയായിരുന്നു. അന്നുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ലാതിരുന്ന ധോണി പെട്ടെന്നു തന്നെ മികച്ച കീപ്പറായി പേരെടുത്തു. പിന്നീടു ബാറ്റിംഗിലും മികവു കണ്ടെത്തി.

1998 ല് അണ്ടർ 19 ടീമിലൂടെയായിരുന്നു ധോണിയുടെ ബിഹാർ ടീമിലേക്കുള്ള അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിലെ അഞ്ച് മത്സരങ്ങളിൽ 176 റൺസ്. ടൂർണമെന്റിൽ ഒമ്പതു മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ ധോണി അടിച്ചു കൂട്ടിയത് 488 റൺസായിരുന്നു. ഇത് നായ്ഡു ട്രോഫിക്കുള്ള കിഴക്കൻ മേഖലാ ടീമിൽ സ്ഥാനം നല്കി.

18 വയസ്സുള്ളപ്പോൾ തന്നെ ബീഹാറിന്റെ രഞ്ജി ട്രോഫി മത്സരങ്ങളിലും ധോണി കളിച്ചു. അരങ്ങേറ്റ മത്സരത്തിൽ ആസ്സാമിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 68 റണ്സ്. അഞ്ച് മത്സരങ്ങളിൽ നിന്നായി 235 റണ്സുമായിട്ടാണ് സീസൺ അവസാനിപ്പിച്ചത്. 2000/2001 -ൽ ബംഗാളിനെതിരെ ആദ്യ സെഞ്ച്വറി നേടി.

2002/ 2003 സീസണിൽ രഞ്ജി ട്രോഫിയിലും ദേവ്ധർ ട്രോഫിയിലും അർദ്ധ ശതകങ്ങളുടെ കൂമ്പാരമായിരുന്നു ബാറ്റിൽ നിന്നും ഒഴുകിയത്. 2003 /2004 ൽ ആസ്സാമിനെതിരെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ധോണി നാലു മത്സരങ്ങളിൽ 244 റൺസ് നേടി. 1999- 2000 ലെ കൂച്ച് ബെഹർ ട്രോഫിയും ധോണിക്ക് തുണയായി.

2003/ 2004 ല് ഇന്ത്യ എ ടീമിനൊപ്പം സിംബാബ്‌വെ കെനിയാ ടൂറിനുള്ള ടീമില് അംഗമായി. എന്നാല് ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പിംഗിലാണ് തിളങ്ങിയത്. സിംബാബ്‌വെ ഇലവണെതിരെ ഏഴു ക്യാച്ചും നാല് സ്റ്റമ്പിംഗും. അതിനു ശേഷം കെനിയയില് നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്ഥാൻ എയ്ക്ക് എതിരെ മികച്ച പ്രകടനം. പരമ്പരയിൽ തുടരെ സെഞ്ച്വറികളും അർദ്ധ സെഞ്ചുറികളും ഒഴുകി. ഏഴു മത്സരങ്ങളിൽ നിന്നും 362 റൺസാണ് ധോണി അടിച്ചു കൂട്ടിയത്.

Read Also : 7ആം നമ്പർ ഗൗണണിഞ്ഞ് ഡെലിവറി ബോയ്സ്; ധോണിക്ക് ആദരവുമായി സൊമാറ്റോ

2007 ലെ ആദ്യ കുട്ടി ക്രിക്കറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ സെലക്ഷൻ കമ്മറ്റി ചിന്തിച്ചത് ‘പിള്ളാരൊന്ന് ദക്ഷിണാഫ്രിക്കയൊക്കെ കറങ്ങി വരട്ടെ’ എന്നായിരുന്നിരിക്കണം. സെവാഗ് ഒഴികെ ബാക്കി സീനിയർ പുലികളെയൊക്കെ ഒഴിവാക്കി ടീം ലിസ്റ്റിടുമ്പോൾ പോയി കപ്പടിച്ചു വാ എന്ന് പറയാൻ മാത്രം ധൈര്യം അന്ന് ആർക്കെങ്കിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. 2007 ലെ 50 ഓവർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ഞെട്ടലിലായിരുന്ന ഇന്ത്യ ടി-20 ലോകകപ്പ് സ്വപ്നം കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. ഇന്ത്യൻ സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമായി മാറിയ ധോണിയുടെ നായകത്വത്തിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറി. ഗ്രൂപ്പ് ഡിയിൽ പാകിസ്ഥാനും സ്കോട്ട്ലാന്റിനുമൊപ്പമായിരുന്നു ഇന്ത്യ. സ്കോട്ട്ലാന്റുമായുള്ള ആദ്യ കളി ഉപേക്ഷിക്കപ്പെട്ടതോടെ പാകിസ്താനുമായുള്ള ഗ്രൂപ്പ് മാച്ച് ഇന്ത്യക്ക് നിർണായകമായി. ഐസിസി ഇവന്റുകളിൽ ഒരിക്കൽ പോലും പാകിസ്ഥാൻ ഇന്ത്യയെ തോലിപ്പിച്ചിട്ടില്ല എന്ന കണക്കു മാത്രമായിരുന്നു ഇന്ത്യയുടെ ബലം. റോബിൻ ഉത്തപ്പയുടെ ഫിഫ്റ്റിയുടെ കരുത്തിൽ നിശ്ചിത 20 ഓവറുകളിൽ ഇന്ത്യ നേടിയത് 141 റൺസ്. 35 പന്തുകളിൽ 53 റൺസെടുത്ത മിസ്ബാഹിലൂടെ തിരിച്ചടിച്ച പാക്കിസ്ഥാനുമെടുത്തത് 141 റൺസ്. ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരമായി ബോള് ഔട്ട്. ബോള് ഔട്ടിൽ പാകിസ്താനെ തോല്പിച്ച് ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടന്നു. ഗ്രൂപ്പ് ഇ യിൽ ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരോടൊപ്പം ഇന്ത്യയും സൂപ്പർ എട്ടിൽ ഉൾപ്പെട്ടു. ന്യൂസിലന്റുമായുള്ള ആദ്യ മത്സരത്തിൽ 191 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ അവിശ്വസനീയ തുടക്കം നൽകിയെങ്കിലും കിവികളുടെ സ്കോറിന് പത്ത് റൺസ് അകലെ വെച്ച് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. അടുത്ത കളി ഡർബനിലെ കിംഗ്സ്മെയ്ഡിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ യുവരാജ് സിംഗ് എന്ന ഭൂതം ആക്രമിച്ച ദിവസമായിരുന്നു അത്. സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ ആറ് സിക്സറുകളടിച്ച യുവരാജ് 12 പന്തുകളിലാണ് അർധശതകം തികച്ചത്. ഈ റെക്കോർഡ് ഇത് വരെ തകർക്കപ്പെട്ടിട്ടില്ല. നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 20 ഓവറിൽ 218 റൺസ് എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയ ഇന്ത്യക്ക് അതേ നാണയത്തിൽ ഇംഗ്ലണ്ട് മറുപടി നൽകിയെങ്കിലും ഡര്ബണില് 18 റൺസ് ജയം ഇന്ത്യ കുറിച്ചു. നിർണായകമായ മൂന്നാം മത്സരം. ആതിഥേയർക്കെതിരെ നടന്ന ഈ മത്സരം ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. 20 ഓവറിൽ ഇന്ത്യ അടിച്ചത് 153 റൺസ്. ദക്ഷിണാഫ്രിക്കയെ 116 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 37 റൺസ് ജയത്തോടെ സെമിയിൽ പ്രവേശിച്ചു. സെമിയിൽ അതികായന്മാരായ ഓസ്ട്രേലിയായിരുന്നു എതിരാളികൾ. കിംഗ്സ്മെയ്ഡിൽ വീണ്ടും യുവരാജ് എന്ന ഭൂതം അവതരിച്ചു. 30 പന്തുകളിൽ 70 റൺസടിച്ച യുവരാ 18 പന്തുകളിൽ ഇരട്ടി റൺസെടുത്ത ധോണിയും ചേർന്ന് ഇന്ത്യയെ 188 എന്ന മികച്ച സ്കോറിലെത്തിച്ചു. 15 റൺസ് ജയത്തോടെ ഇന്ത്യ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലേക്ക് ഫൈനലിന് ടിക്കറ്റെടുത്തു. വീണ്ടും ഒരു ഇന്ത്യ- പാക്ക് പോരാട്ടം. ഇരുപതോവറിൽ 157 റൺസെടുത്ത ഇന്ത്യ അവസാന ഓവറിൽ മിസ്ബാഹുൽ ഹഖിനെ ഷോർട്ട് ഫൈൻ ലെഗ്ഗിൽ ശ്രീശാന്ത് കൈപ്പിടിയിലൊതുക്കുമ്പോൾ ഇന്ത്യക്ക് ലോട്ടറി അടിച്ച പ്രതീതിയായിരുന്നു. പാകിസ്താനെതിരെ, ലോകകപ്പ് ഫൈനലിൽ ജയം. കുട്ടി ക്രിക്കറ്റിന്റെ ആദ്യ അവകാശികൾ ഇന്ത്യ എന്ന് ചരിത്രം എഴുതിച്ചേർത്തു.

അതായിരുന്നു തുടക്കം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന പദവിയിലേക്ക് ധോണി നടന്നു കയറിയത് ഈ ലോകകപ്പ് വിജയത്തോടെയാണ്. ലോകകപ്പ് നേടിയതിനു പിന്നാലെ ധോണി മുടി മുറിച്ച് നല്ല കുട്ടിയായി. തുടർച്ചയായി മികച്ച ഇന്നിംഗ്സുകൾ കളിച്ച ധോണി ടെക്നിക്കൽ പെര്ഫക്ഷന്റെ പേരിൽ വിമർശിച്ചിരുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളുടെ വായടപ്പിച്ച് കൊണ്ട് 2009 ൽ ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തി. ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ആ വര്ഷം തന്നെ ധോണി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി. തൊട്ടടുത്ത വര്ഷം ക്രിക്കറ്റിന്റെ മൂന്ന് ഫോര്മാറ്റുകളിലും ഇന്ത്യയെ നയിക്കാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടെന്നു മനസ്സിലാക്കിയ ടീം മാനേജ്മെന്റ് ധോണിക്ക് ടെസ്റ്റ് ക്യാപ്റ്റൻസിയും സമ്മാനിച്ചു. ധോണിയുടെ കീഴിൽ ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ലോകത്തിന്റെ നെറുകയിലെത്തി. കാലം ഇന്ത്യക്കനുകൂലമായി ലോക ക്രിക്കറ്റ് ഭൂപടത്തെ തിരുത്തി വരക്കുകയായിരുന്നു.

27 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം 2011 ൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മഹേന്ദ്ര സിംഗ് ധോണി ലോകകപ്പുയർത്തുമ്പോൾ ക്രിക്കറ്റ് ലോകം ഒന്നടങ്കം ധോണി എന്ന കപ്പിത്താനെ വാഴ്ത്തി. ക്വാർട്ടറിൽ പാക്കിസ്ഥാനെതിരെയും സെമിയിൽ ഓസ്ട്രേലിയക്കെതിരെയും വിജയിച്ച ശേഷമാണ് കലാശക്കളിയിൽ ഇന്ത്യ മരതക ദ്വീപുകാരോട് കൊമ്പ് കോർത്തത്. ബാറ്റിങ് ഓർഡറിൽ സ്വയം സ്ഥാനക്കയറ്റം നടത്തിയ ധോണി 79 പന്തുകളിൽ 90 റൺസ് നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു. കുലശേഖരയുടെ പന്ത് ലോങ്ങ് ഓണിനു മുകളിലൂടെ ഗ്യാലറിയിലെ ആരവത്തിലേക്ക് പായിച്ച് ധോണി 28 വർഷത്തെ ഇന്ത്യൻ സ്വപ്നത്തിന് കിരീടധാരണം നടത്തുമ്പോൾ കമന്ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രിയുടെ വാക്കുകൾ എന്തായിരുന്നുവെന്ന് ഓർമ്മയുണ്ടോ ?

“ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ. എ മഗ്നിഫെസന്റ് സ്ട്രൈക്ക് ഇന്റു ദ ക്രൗഡ്. ഇന്ത്യ ലിഫ്റ്റ് ദി വേൾഡ് കപ്പ് ആഫ്റ്റർ 28 ഇയേഴ്സ്. ദി പാർട്ടി സ്റ്റാർട്ടഡ് ഇൻ ദി ഡ്രസ്സിംഗ് റൂം. ഇറ്റ്സ് ഇന്ത്യൻ ക്യാപ്റ്റൻ, ഹൂ ഹാസ് ബീൻ അബ്സല്യൂട്ട്ലി മഗ്നിഫെസന്റ് ഇൻ ദി നൈറ്റ് ഓഫ് ദി ഫൈനൽ”

ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാൾക്കാണ് ഈ വാക്കുകൾ മറക്കാൻ കഴിയുക? ധോണിയുടെ കീഴിൽ അപ്രാപ്യമാണെന്ന് കരുതിയ പല ട്രോഫികളും ഇന്ത്യ ഷോക്കേസിലേക്ക് ചേർത്തു. ചാമ്പ്യൻസ് ട്രോഫി, ടി-20 ലോകകപ്പ്, 50 ഓവർ ലോകകപ്പ് എന്നിങ്ങനെ ഐസിസി ടൂർണമെന്റുകളെല്ലാം നേടിയ ഒരേയൊരു ക്യാപ്റ്റനാണ് റാഞ്ചിക്കാരൻ ക്യാപ്റ്റൻ കൂൾ.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല ധോണി. ദിനേഷ് കാർത്തിക്കും വൃദ്ധിമാൻ സാഹയുമൊക്കെ വിക്കറ്റ് കീപ്പിംഗ് മികവിൽ ധോണിയേക്കാൾ ബഹുദൂരം മുന്നിലാണ്. പക്ഷേ, സ്റ്റംപിങ് വേഗതയിൽ ധോണി ഇവരെക്കാളൊക്കെ മികച്ച വിക്കറ്റ് കീപ്പറുമാണ്. ബാറ്റ് ചെയ്യാനറിയുന്ന വിക്കറ്റ് കീപ്പറെ തിരഞ്ഞു നടന്ന ഇന്ത്യക്ക് വിശ്വസ്തനായ ഒരു ബാറ്റ്‌സ്മാനെയും ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനെയുമാണ് ധോണിയിലൂടെ കിട്ടിയത്. സച്ചിൻ എന്ന അസാമാന്യ പ്രതിഭയ്ക്ക് ശേഷം ഇന്ത്യ ഇത്രയേറെ ആരാധിക്കുന്ന ഒരു താരം ഉണ്ടായിട്ടില്ല. ഇരുവരുടെയും ക്രീസിലേക്കുള്ള കടന്നു വരവ് ഗാലറി അലറി വിളിച്ചാണ് ആഘോഷിക്കുക. പുറത്തായാൽ നിശബ്ദമായിപ്പോകുന്ന ഗാലറി സച്ചിന് ശേഷം ധോണിക്കാണ് ആദ്യം ലഭിക്കുന്നത്.

ഒരൊറ്റ ബൗണ്ടറി പോലുമടിക്കാതെ അർദ്ധസെഞ്ചുറിയടിച്ച് ടീമിനെ വിജയിപ്പിച്ച ഒരിന്നിംഗ്‌സുണ്ട് ധോണിയുടെ പേരിൽ. അതും വെറും 68 പന്തുകളിൽ! 2008 ൽ ഓസ്‌ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ ശ്രീലങ്കക്കെതിരെയായിരുന്നു ഈ പ്രകടനം. അതിനു മുൻപും ശേഷവും ഒറ്റയ്ക്ക് നിന്ന് ടീമിനെ വിജയത്തിലെത്തിച്ച എത്രയോ ഇന്നിംഗ്സുകൾ. എക്സ്പ്ലോസീവ് ബാറ്റ്സ്മാനിൽ നിന്നും റിലയബിൾ പ്ലെയർ എന്ന ഔന്നത്യത്തിലേക്ക് ധോണി എത്തിക്കഴിഞ്ഞിരുന്നു.

Read Also : ‘ഐ ടിപ് മൈ ഹാറ്റ് ടു യു’ ധോണിക്ക് വിരാടിന്റെ വികാര നിർഭരമായ കുറിപ്പ്

ഐപിഎല്ലിന്റെ വരവോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായും ധോണി അവതരിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോഴ വിവാദത്തിൽ പെട്ട് ചെന്നൈ ടീമിനെ നിരോധിക്കുന്നത് വരെ ടീം ക്യാപ്റ്റൻ ധോണിയായിരുന്നു. ഈ വർഷത്തെ ചെന്നൈയുടെ തിരിച്ചു വരവിലും ക്യാപ്റ്റൻ മറ്റാരുമായിരുന്നില്ല. തിരിച്ചു വരവ് കിരീടധാരണത്തോടെ രാജകെയമായിത്തന്നെ അയാൾ ആഘൊഷിക്കുകയും ചെയ്തു. ധോണിയുടെ നായകത്വത്തിനു കീഴിൽ ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീം എന്ന റെക്കോർഡ് ചെന്നൈ കാത്തു സൂക്ഷിച്ചു.

ധോണിയുടെ ടെസ്റ്റ് ക്യാപ്റ്റൻസിയെപ്പറ്റി വിമർശനങ്ങൾ നാല് ഭാഗത്തു നിന്നും വന്നതോടെ ഓസ്‌ട്രേലിയക്കെതിരെ 2015 ൽ നടന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ധോണി ടെസ്റ്റിൽ നിന്നും കളമൊഴിഞ്ഞു. ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ചിട്ടായിരുന്നു തലയുയർത്തിയുള്ള ഈ പടിയിറക്കം.

2015 ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ പരാജയം രുചിച്ചതോടെ ഏകദിന ക്യാപ്റ്റൻസിയെപ്പറ്റിയും ചോദ്യങ്ങളുയർന്നു തുടങ്ങി. കഴിഞ്ഞ വർഷാരംഭത്തിൽ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ധോണി പടിയിറങ്ങി. മെല്ലെപ്പോക്ക് ഇന്നിംഗ്‌സുകളുടെ പേരിൽ വിമർശനശരങ്ങൾ ഏറ്റു വാങ്ങുമ്പോഴെല്ലാം മികച്ച ഇന്നിംഗ്‌സുകളിലൂടെ ഇനിയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തനിക്ക് ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പോലും ഇന്ത്യൻ ടീമിലെ സീനിയർ കളിക്കാരോടുള്ള മനോഭാവത്തിന്റെ പേരിൽ ധോണി ഒരുപാട് വിമർശിക്കപ്പെട്ടിട്ടുണ്ട്. ആരാധകരുടെ പകുതിയോളം എണ്ണം ആൾക്കാരെങ്കിലും പല കാരണങ്ങളുടെ പേരിൽ ധോണിയെ വെറുക്കുന്നുണ്ട്. നിലപാടുകളിലെ വ്യക്തതയും പിടിവാശിയും മൂലം ധോണി ശരാശരി ക്രിക്കറ്റ് ആരാധകന്റെ മനസ്സിൽ ഉത്തമവില്ലൻ എന്നൊരു പരിവേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് വേണ്ടത് എന്താണെന്ന് ധോണിക്ക് അറിയാമായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിൽ ടീമിനു വേണ്ടത് കൃത്യമായി അയാൾ ആവശ്യപ്പെട്ടു. ടി-20 ലോകകപ്പ് യുവാക്കളെ വെച്ച് നേടി അയാൾ അത് ആദ്യമേ വെളിപ്പെടുത്തിയിരുന്നു. വ്യക്തിപരമായ വൈകാരികതക്ക് അയാൾ ശ്രദ്ധ കൊടുത്തില്ല. അതുകൊണ്ട് തന്നെയാണ് പല താരങ്ങൾക്കും മാന്യമായ വിരമിക്കൽ നൽകിയില്ലെന്ന പേരിൽ അയാൾ ക്രൂശിക്കപ്പെടുന്നതും.

തൻ്റെ കരിയർ പോലെയായിരുന്നു ധോണിയുടെ വിടവാങ്ങലും. നാടകീയതയോ കോലാഹലങ്ങളോ അതിവൈകാരികതയോ ഇല്ല. 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കിക്കൊള്ളൂ എന്നു പറഞ്ഞ് അയാൾ പോയി. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ പടിയിറങ്ങുന്നത് തീരെ സുഖകരമല്ലാത്ത ഒരു ഇമേജ് ബാക്കിവെച്ചിട്ടാണ്. ലോകകപ്പ് സെമിഫൈനലിൽ റണ്ണൗട്ടായി നിരാശയോടെ തിരികെ നടക്കുന്ന ഫ്രെയിമാണ് ധോണിയുടെ രാജ്യാന്തര കരിയറിൽ ഏറ്റവും ഒടുവിലായി ക്ലിക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. വിടവാങ്ങൽ മത്സരം നടത്തി ഗാർഡ് ഓഫ് ഓണറിനു കാത്തുനിൽക്കാനൊന്നും അയാൾ മെനക്കെട്ടില്ല. ആ ഫ്രെയിമുകൾക്ക് മുന്നിലിറങ്ങി നിന്ന് ചിരിച്ചുകൊണ്ടുള്ള ഫ്രെയിമുകൾ സമ്മാനിക്കാൻ അയാൾക്ക് തോന്നിയില്ല. ടീം കിരീടമുയർത്തി ന്നിൽക്കുമ്പോൾ പിൻനിരയിൽ മാത്രം നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്ന എംഎസ് ധോണി എന്ന ക്യാപ്റ്റൻ ഇങ്ങനെ വിരമിച്ചിരുന്നില്ലെങ്കിലേ അത്ഭുതമാകുമായിരുന്നുള്ളൂ. വ്യക്തിപരമായ സന്തോഷങ്ങൾക്കപ്പുറം ധോണി ഒരു ടീംമാനായിരുന്നു. അതുകൊണ്ട് തന്നെയാണ് അയാൾ അങ്ങനെ വിരമിച്ചതും. ടെക്നിക്കൽ ബ്രില്ല്യൻസും കോപ്പി ബുക്ക് ഷോട്ടുകളും കൈമുതലായുള്ള പലരും മുട്ടിടിച്ച് വീണിട്ടുള്ള ക്രിക്കറ്റ് പിച്ചിൽ 16 വർഷങ്ങൾ തലയുയർത്തിപ്പിടിച്ച് നിന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ നേട്ടം. നന്ദി എംഎസ്.

Story Highlights 16 years of ms dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top