Advertisement

ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല; മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

August 17, 2020
Google News 1 minute Read
pinarayi vijayan

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും അണുമുക്തമാക്കി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാനുള്ള അനുമതി നല്‍കും. ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയാറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കും. കൊവിഡ്19 ബ്രിഗേഡ് സ്‌പെഷ്യല്‍ ടീമിനെ ജയിലില്‍ നിയോഗിക്കും. 65 വയസു കഴിഞ്ഞ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ജയില്‍ ഡിജിപിയെയും ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു മുന്‍പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid Onam safety Precautions; Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here