അംഗന്‍വാടി ഓര്‍മകള്‍

..
അഞ്ജു ഉണ്ണി/ അനുഭവക്കുറിപ്പ്
ഗോതുരുത്ത് സെന്റ്. സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക.
അംഗന്‍വാടി- 1
ഉപ്പിട്ട നേരിയ ചൂട് കഞ്ഞിയില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന ചെറിയ പയര്‍ മണികള്‍, അവയ്ക്ക് കൂട്ടായി കുഞ്ഞി കറിപാത്രത്തില്‍ തേങ്ങ ചമ്മന്തി അതിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു കുഞ്ഞി സ്പൂണ്‍ ഉപയോഗിച്ചു തിന്നുന്ന ഒരു അംഗന്‍വാടി ചിത്രം ഇന്നും എന്റെ മനസില്‍ ഉണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കഴിച്ചിരുന്ന ഭക്ഷണം അംഗന്‍വാടിയിലെ കഞ്ഞിയും വൈകുന്നേരത്തെ ഉപ്പുമാവും ആണെന്ന് പിന്നീട് എപ്പോഴോ അമ്മ പറഞ്ഞിട്ട് ഉണ്ട്. അതു കേള്‍ക്കുമ്പോള്‍ ഒക്കെ തലച്ചോര്‍ വളര്‍ന്നിട്ടും എന്റെ ശരീരം എന്തേ വളരാത്തെ എന്ന് ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്.
അമ്മ ആ സമയം ഗോതുരുത്തു ഹൈസ്‌കൂളില്‍ അധ്യാപിക, ചേച്ചി അവിടെ തന്നെ പഠിക്കുന്നു, അപ്പക്ക് അന്ന് അങ്കമാലിയില്‍ ഒരു കമ്പനിയില്‍ ജോലിയും. എല്ലാം കഴിഞ്ഞു എല്ലാവരും തിരിച്ചു വീട്ടില്‍ എത്തുമ്പോള്‍ ഒരു സമയം ആകും. അതിനാല്‍ വളരെ നേരത്തെ തന്നെ കുഞ്ഞായ എന്നെ വീടിനു അടുത്തുള്ള അംഗന്‍വാടിയില്‍ ആക്കും. അങ്ങനെ വളരെ നേരത്തെ അക്ഷരങ്ങളെ കൂട്ട് പിടിക്കാന്‍ എനിക്കു കഴിഞ്ഞു.
അന്നും ഇന്നും ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ വെള്ളം കുടിക്കണം, അവസാനം വെള്ളം കുടിച്ചു വയര്‍ നിറയ്ക്കും ഭക്ഷണം മതിയാക്കും എന്നത് എന്നെക്കുറിച്ചുള്ള സ്ഥിരം പരാതി. അതിനാല്‍ അംഗന്‍വാടിയിലെ ഉച്ച ഭക്ഷണ സമയത്തു ടീച്ചറും ഓമന ചേച്ചിയും എന്റെ വാട്ടര്‍ ബോട്ടില്‍ മാറ്റി വയ്ക്കുകയും ഞാന്‍ അതിനു വേണ്ടി ശാഠ്യം പിടിച്ചു കരയുന്നതും ഇന്നും എന്റെ മനസില്‍ ഉണ്ട്.
ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാവരെയും നിലത്തു പായ വിരിച്ചു നിര നിരയായി ഉറക്കാന്‍ കിടത്തുന്ന പതിവ് ഉണ്ട്. വര്‍ത്തനക്കാരിയായ എനിക്കു തീരെ ഇഷ്ടമല്ലാത്ത ഏര്‍പ്പാട് ആയിരുന്നു അത്. ബാക്കി കുട്ടികള്‍ ഒക്കെ ഉറങ്ങുമ്പോള്‍ ഞാന്‍ എന്റെ സ്ഥിരം പണി പുറത്തെടുക്കും പുതപ്പിന്റെ ഉള്ളിലൂടെ കൈ ഇട്ടു അടുത്ത് കിടക്കുന്ന കുട്ടിയെ മാന്തുക, ചൊറിയുക എന്നിട്ട് ആ കുട്ടി തിരിഞ്ഞു നോക്കുമ്പോള്‍’ ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ’ എന്ന ഭാവത്തില്‍ ഉറക്കം നടിക്കുക ഇതൊക്കെ എന്റെ വിനോദങ്ങള്‍ ആയിരുന്നു.
കളിക്കാന്‍ ആയിട്ട് ഒരുപാട് കളിപ്പാട്ടങ്ങള്‍ ഉണ്ട്. തറ, പറ ഒക്കെ ടീച്ചര്‍ കൈപിടിച്ച് എഴുതിപ്പിക്കും എല്ലാം പഠിച്ചാല്‍ കളിപ്പാട്ടങ്ങള്‍ ആദ്യം കിട്ടും. എല്ലാം ഒന്നും ഓര്‍മ ഇല്ലെങ്കിലും അവയിലെ രണ്ടു വശത്തേക്കും ആടുന്ന ഒരു പച്ച കുതിര എനിക്കു ഏറെ പ്രിയപ്പെട്ടതു ആയിരുന്നു.
വൈകുന്നേരം ഉപ്പുമാവും പഴവും ആണ് തീറ്റ. അതു കഴിഞ്ഞു കുറച്ചു കഴിയുമ്പോള്‍ പേരെന്റ്‌സ് വരും ഓരോ കുട്ടികള്‍ ആയി ടാറ്റയും പറഞ്ഞു പോകും. എന്നെ കൊണ്ട് പോകാന്‍ മാത്രം ആരും വരില്ല. അതു അന്നൊക്കെ വലിയ വിഷമം ആയിരുന്നു. എന്റെ വീട്ടിന്നു മൂന്നു മിനിറ്റ് നടന്നാല്‍ അംഗന്‍വാടി ആയി. എല്ലാരും പോയി കഴിയുമ്പോള്‍ ടീച്ചര്‍ അംഗന്‍വാടി പൂട്ടി എന്നെയും പിടിച്ചു എന്റെ വീടിനു അടുത്തു ഉള്ള കാഞ്ചന ചേച്ചിയുടെ വീട്ടില്‍ എന്നെ കൊണ്ടു വിടും. അവിടെ ഇരുന്നു കുറേ നേരം കളിയാണ്, എനിക്ക് അവിടെ ഒരു കൂട്ടുകാരി ഉണ്ട് ജിബി, അവളോട് ഒപ്പം കളിച്ചു കൊണ്ടിരിക്കുപ്പോഴെക്കും സ്‌കൂള്‍ വിട്ടു ആദ്യം ചേച്ചി വരും എന്നെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോരും.
അംഗന്‍വാടി- 2
പലവിധ കാരങ്ങളാല്‍ പിന്നെയും അംഗന്‍വാടി വിദ്യാഭ്യാസം നയിക്കാന്‍ എനിക്ക് യോഗം ഉണ്ടായി. ഈ അംഗന്‍വാടി അമ്മയുടെ സ്‌കൂളില്‍ നിന്ന് കുറച്ചു അകലെ ഉള്ള ഒരിടത്തു ആയിരുന്നു. ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് വലിയ ചുമന്ന പൊട്ടു തൊട്ട ഉഷ ടീച്ചറെ ആണ്. അക്ഷരങ്ങളുമായി കുറച്ചു കൂടുതല്‍ കൂട്ട് കൂടിയത് അവിടെ വെച്ചായിരുന്നു. അന്നൊക്കെ സ്ലേറ്റില്‍ എഴുതി മായിച്ചു വീണ്ടും എഴുതാന്‍ ‘മേക്കപ്പിച്ച’ (ഒരു തരം ചെടിയുടെ വിത്ത്, അതിന്റെ യഥാര്‍ത്ഥ പേര് ഇതു തന്നെ ആണോന്നു ഇപ്പോഴും എനിക്കു അറിയില്ല, ഞാന്‍ അങ്ങനെ ആണ് വിളിച്ചിരുന്നത് ) ആവേശത്തോടെ ഞാന്‍ ശേഖരിക്കുമായിരുന്നു.
പല നിറത്തിലുള്ള ചോക്കുകള്‍ ഉപയോഗിച്ചു നല്ല വടിവൊത്ത അക്ഷരത്തില്‍ ഉഷ ടീച്ചര്‍ ‘ അമ്മ’ എന്ന് ബോര്‍ഡില്‍ എഴുതുമ്പോള്‍ കുറുമ്പി ആയ എന്റെ അമ്മയോട് ഒരു ഇത്തിരി കൂടുതല്‍ ഇഷ്ട്ടം ഒക്കെ തോന്നി പോകും, ഉഷ ടീച്ചറോടും
അംഗനവാടി – 3
പിന്നെയും ഒരു വര്‍ഷം കൂടി കടന്നു. അടുത്ത വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ക്കാം എന്നായി അപ്പോഴും ഞാന്‍ പഴയ അഞ്ജു കുഞ്ചു തന്നെ, ശരീരം വളര്‍ന്നിട്ടില്ല… നാക്ക്, (കത്തി അടി) നന്നായി വളര്‍ന്നു എന്ന് നാട്ടുകാരും വീട്ടുകാരും പറഞ്ഞു.
ഇനി അംഗന്‍വാടി എന്ന് വിളിക്കണ്ട യുകെജി എന്നാണ് വിളിക്കേണ്ടത് എന്ന് ആരോ പറഞ്ഞതാണ് ആ അംഗന്‍വാടിയെ കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ. എന്നാലും കുഞ്ഞു വായില്‍ ഇംഗ്ലീഷ് ലെറ്റര്‍ ഒന്നും വരാത്തത് കൊണ്ടാകണം എനിക്കു അതു അംഗന്‍വാടി തന്നെ ആയിരുന്നു. ടീച്ചര്‍ വരുമ്പോള്‍ ഗുഡ് മോര്‍ണിംഗ് ടീച്ചര്‍ എന്ന് നീട്ടി പാടി സംഗീത അലകള്‍ ഉയര്‍ത്താന്‍ പഠിച്ചത് അവിടെ നിന്നായിരുന്നു.
അമ്മയുടെ സ്‌കൂളിനു തൊട്ടു ചേര്‍ന്നുള്ള അംഗന്‍വാടി ആയതിനാല്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ ചേച്ചിമാരുടെ സ്‌നേഹ പ്രകടനകള്‍ക്കു കീഴ്‌പ്പെടാന്‍ എനിക്കു ഭാഗ്യം ലഭിച്ചിരിക്കുന്നു. പച്ച വിരിച്ചു നില്‍ക്കുന്ന വലിയ മരങ്ങള്‍ ഉള്ള കോമ്പൗണ്ടില്‍ സ്ഥിതി ചെയ്തിരുന്ന ആ അംഗന്‍വാടി എന്നും എനിക്ക് പ്രിയപ്പെട്ടതാണ്…
അവസാന വര്‍ഷം
ഇതു പറഞ്ഞില്ല എങ്കില്‍ എന്റെ അംഗന്‍വാടി ഓര്‍മകള്‍ക്ക് മധുരം ഉണ്ടാകില്ല. ഈ അംഗന്‍വാടി ഉച്ചവരെ ഉണ്ടായിരുന്നു ഉള്ളൂ. അമ്മയുടെ സ്‌കൂള്‍ വൈകുന്നേരം വിടുകയുള്ളതിനാല്‍ ഉച്ചസമയം കഴിഞ്ഞാല്‍ എന്നെ അടുത്തു ഉള്ള കടയില്‍ കൊണ്ടു പോയി ഇരുത്തും. വൈകുന്നേരം ആകുമ്പോള്‍ അമ്മ വന്നു എന്നെ കൂട്ടി കൊണ്ടു പോരുകയും ചെയ്യും. അങ്ങനെ ദിവസങ്ങള്‍ മാസങ്ങള്‍ കടന്നു പോയി അംഗനവാടി വിദ്യാഭ്യാസം അവസാനിക്കുന്ന ദിവസം വന്നു ചേര്‍ന്നു. പതിവ് പോലെ ഉച്ച സമയം ആയപ്പോള്‍ ഞാന്‍ അമ്മയെയും കാത്തു കടയില്‍ വന്നിരുന്നു. വൈകുന്നേരം ആയപ്പോള്‍ എന്നെ കൂട്ടി കൊണ്ടു പോരാന്‍ അമ്മ വന്നു. അപ്പോള്‍ അല്ലേ രസം കടക്കാരന്‍ ചേട്ടന്‍ (ആ കട ഇന്നും ഉണ്ട്, ചേട്ടന്റെ പേര് ഞാന്‍ പറയുന്നില്ല) ഒരു നീണ്ട ലിസ്റ്റ് അമ്മയ്ക്ക് നേരെ നീട്ടിയിട്ടു പറഞ്ഞു
‘ കൊച്ചിനെ കൊണ്ടു പോകുന്നത് ഒക്കെ കൊള്ളാം, പക്ഷെ ഈ ലിസ്റ്റില്‍ ഉള്ള സാധനങ്ങളുടെ പൈസ തന്നിട്ട് പോയാല്‍ മതി. കൊച്ചു ഒരു വര്‍ഷം ഇവിടെ ഇരുന്നു തിന്ന സാധനങ്ങളാണ്, കഴിച്ചോളാന്‍ അമ്മ പറഞ്ഞിട്ട് ഉണ്ട്, പൈസ അമ്മ തരും എന്നാ കൊച്ചു പറഞ്ഞത്. ‘ അന്ന് ഞെട്ടിയ അമ്മയുടെ മുഖം എനിക്കു ഇന്നും ഓര്‍മ്മയുണ്ട്…
എന്നിട്ട് എന്താ… എല്ലാം കഴിച്ചിട്ടും എന്റെ നാക്കും തലച്ചോറും വളര്‍ന്നത് അല്ലാതെ ശരീരം വളര്‍ന്നില്ല.
കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അതെ കോമ്പൗണ്ടില്‍ ഞാന്‍ വീണ്ടും വന്നു. അമ്മ പഠിപ്പിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപിക ആയി.. എന്റെ രണ്ടാമത്തെ അംഗന്‍വാടിയിലെ ഉഷ ടീച്ചറെ വീണ്ടും കണ്ടു.. അഞ്ജു എന്ന് പറഞ്ഞു കൈപിടിച്ച് ടീച്ചര്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വീണ്ടും ടീച്ചറിന്റെ പഴയ അംഗന്‍വാടി കുട്ടിയാണെന്ന് തോന്നി പോയി..
ഇന്ന് ഞാന്‍ ഒരു അധ്യാപിക ആയതിനു ഒരു പങ്കു ഈ അംഗന്‍വാടികള്‍ക്കും അവിടത്തെ സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന അംഗനവാടി ടീച്ചര്‍മാര്‍ക്കും ആണ്.
ഈ ഓര്‍മകള്‍ അവര്‍ക്കായി ഉള്ള നന്ദിയുടെ പൂച്ചെണ്ടുകള്‍ ആകട്ടെ.
Story Highlights – anganwadi ormakal
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here