ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ; കരാർ തുക 222 കോടി

ഈ വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ഡ്രീം ഇലവൻ. 222 കോടി രൂപക്കാണ് കരാർ. അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത പുറത്തുവിട്ടത്.
Read Also : 10 സെക്കൻഡ് പരസ്യത്തിന് 10 ലക്ഷം രൂപ; ഐപിഎല്ലിൽ പണം കൊയ്യാനൊരുങ്ങി സ്റ്റാർ
അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് 180 കോടി രൂപയുമാണ് ഐപിഎൽ സ്പോൺസർഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ്റെ ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ദേശീയ ടീം മുഖ്യ സ്പോൺസർ കൂടിയായ ബൈജുസ് ഉൾപ്പെടെയുള്ളവരുടെ പ്രപ്പോസൽ 222 കോടി രൂപയുമായി ഡ്രീം ഇലവൻ മറികടക്കുകയായിരുന്നു. മുൻ സ്പോൺസർമാരായിരുന്ന വിവോ 420 കോടി രൂപയാണ് പ്രതിവർഷം നൽകിയിരുന്നത്.
2008ല്‍ രൂപം കൊണ്ട ഡ്രീം ഇലവന്റെ അംബാസഡര്‍ മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ എം എസ് ധോണിയാണ്.
ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് വിവോയെ മുഖ്യ സ്പോൺസർ സ്ഥാനത്തു നിന്ന് നീക്കിയത്. ഇതിനു പിന്നാലെ മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഓപ്പോ, ഷവോമി, റിയൽമി തുടങ്ങിയ കമ്പനികളാണ് ഐപിഎൽ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. ഡ്രീം ഇലവനിൽ ചൈനീസ് നിക്ഷേപമുണ്ട്.
Read Also : സഞ്ജു മുംബൈയിലെത്തി; ഉടൻ ഐപിഎല്ലിനായി യുഎഇയിലേക്ക് തിരിക്കും
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
Story Highlights – Dream 11 bags IPL 2020 title sponsorship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here