ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ആൾ ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിന് നേതൃത്വം നൽകുക ഐജിയായിരിക്കുമെന്നാണ് വിവരം. പൊലീസിന് എതിരെ ആക്ഷേപം ഉയർന്നതിനാലാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഈ തീരുമാനമെടുത്തത്.
പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി തീരുമാനിക്കും. ഉച്ചയോട് കൂടി കേസന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുമെന്നാണ് വിവരം. അതേസമയം മജിസ്ട്രേറ്റും ശവശരീരം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച അൻസാരിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സ്റ്റേഷനിലെ ശിശു-സൗഹൃദ കേന്ദ്രത്തിലാണ് പരിശോധന. ഇതിന് ശേഷമാകും വിശദമായ പോസ്റ്റ്മോർട്ട റിപ്പോർട്ട് തയ്യാറാക്കുക. മരണകാരണം സ്ഥിരീകരിക്കുന്നതിനാണ് നടപടി. അൻസാരിയുടേത് ആത്മഹത്യ തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
Read Also : ഫോർട്ട് പൊലീസ് സ്റ്റേഷനിലെ തൂങ്ങി മരണം; ഇന്ന് സ്റ്റേഷനിൽ പരിശോധന നടത്തും
സ്റ്റേഷനിൽ എത്തിച്ച ശേഷം ജിഡി രജിസ്റ്ററിൽ അൻസാരിയുടെ കസ്റ്റഡി വിവരം രേഖപ്പെടുത്താത്തത് പൊലീസിന്റെ വീഴ്ചയെന്ന ആക്ഷേപം ശക്തമാണ്. ഇക്കാര്യവും അന്വേഷണപരിധിയിലുണ്ട്. അൻസാരിയെ പൊലീസ് മർദിച്ചിട്ടില്ലെന്ന് അൻസാരിയോടൊപ്പം സ്റ്റേഷനിലെ മുറിയിലുണ്ടായിരുന്നവർ പറഞ്ഞു.
അൻസാരി നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. അടുത്തിടെ നടന്ന മോഷണക്കേസിൽ അൻസാരിക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് മൊബൈൽ മോഷണം നടത്തിയെന്ന പേരിൽ നാട്ടുകാർ അൻസാരിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പരാതിക്കാരൻ അപ്പോൾ സ്റ്റേഷനിൽ എത്താതിരുന്നതും സാങ്കേതിക നടപടി ക്രമങ്ങളിലെ താമസവുമാണ് ജി ഡി രജിസ്റ്ററിൽ രേഖപ്പെടുത്താൻ വൈകിയതിന്റെ കാരണമായി പൊലീസ് പറയുന്നത്.
Story Highlights – fort police station suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here