Advertisement

ലൈഫ് മിഷന്‍; സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്

August 18, 2020
2 minutes Read

ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പുറത്ത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പ്രോജക്ടെന്നാണ് ധാരണപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ പങ്കാളിയായ കോടികള്‍ മുടക്കിയുളള പ്രോജക്ടില്‍ പക്ഷേ, ഓഡിറ്റിംഗിനെ സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമില്ല.

ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ നടക്കുന്ന പാര്‍പ്പിട സമുച്ചയ നിര്‍മാണത്തില്‍ തങ്ങള്‍ക്ക് കാര്യമായ റോളില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുളള വിശദീകരണം. ആ വാദം തന്നെ തെറ്റെന്ന് തെളിയിക്കുന്നതാണ് ധാരണാപത്രത്തിലെ പരാമര്‍ശം. കേരളാ സര്‍ക്കാരുമായി ചേര്‍ന്നുള്ള പ്രോജക്ട് എന്ന് ധാരണാപത്രത്തില്‍ പറയുന്നുണ്ട്.
റെഡ് ക്രസന്റ്് ജനറല്‍ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദീക്ക് അല്‍ഫലാഹി ഒന്നാംപാര്‍ട്ടിയും ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു. വി. ജോസ് രണ്ടാംപാര്‍ട്ടിയുമായാണ് എംഒയു ഒപ്പിട്ടിരിക്കുന്നത്.

ഇരുകൂട്ടര്‍ക്കുമിടയില്‍ ആശയവിനിമയത്തിന് വേണ്ടി കോ -ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കാമെന്ന വ്യവസ്ഥയും ധാരണാപത്രത്തിലുണ്ട്. ഈ പഴുതിലൂടെയാണോ സ്വപ്ന സുരേഷ് പദ്ധതിയുമായി സഹകരിച്ചതെന്നതും ചോദ്യചിഹ്നമാണ്.

പ്രോജക്ടിന്റെ പ്രാരംഭഘട്ടമെന്ന നിലയിലാണ് ധാരണാപത്രമെന്നും ഒരോ പദ്ധതി നടപ്പാക്കുമ്പോഴും പ്രത്യേകം കരാര്‍ വേണമെന്നും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, 2019 ജൂലൈ 11 ധാരണാപത്രം ഒപ്പിട്ട ശേഷം പല നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും മറ്റു കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ പരിഹാരം കാണണം.

പ്രശ്‌നപരിഹാരം സാധ്യമായില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറാമെന്നും ധാരണാപത്രത്തിലുണ്ട്. റെഡ് ക്രസന്റ് അനുവദിച്ച തുകയില്‍ 70 ശതമാനം പാര്‍പ്പിട സമുച്ചയത്തിനും 30 ശതമാനം ആശുപത്രി നിര്‍മാണത്തിനുമാണ് വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കൂടി പങ്കാളിയായിട്ടും പദ്ധതിയുടെ കാലാവധി സംബന്ധിച്ചോ ഓഡിറ്റിംഗ് സംബന്ധിച്ചോ ധാരണാപത്രത്തില്‍ പരാമര്‍ശങ്ങളില്ലെന്നതും ശ്രദ്ധേയമാണ്.

Story Highlights Life Mission mou, Government and Red Crescent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top