പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളി പൊലീസ് ഏറ്റെടുത്തു; ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറും

എറണാകുളം പൂത്തൃക്ക സെന്റ് മേരീസ് പള്ളി പൊലീസ് ഏറ്റെടുത്തു. സുപ്രിം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചുള്ള ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യാക്കോബായ സഭ കൈവശമുണ്ടായിരുന്ന പൂതൃക്ക സെന്റ് മേരീസ് പളളിയിലെ നടപടി. രാവിലെ ഒൻപതോടെ പള്ളിയിലെത്തിയ പൊലീസ് യാക്കോബായ വിശ്വാസികളെ നീക്കം ചെയ്താണ് പള്ളി ഏറ്റെടുത്തത്. സമാധാനപരമായിരുന്നു പൊലീസ് നടപടി.
കോടതി ഉത്തരവ് നടപ്പായെങ്കിലും നീതി നിഷേധിക്കപ്പെട്ടുവെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. ഭൂരിപക്ഷം വരുന്ന വിശ്വാസികളെ പുറത്താക്കിയാണ് ഓർത്തഡോക്‌സ് വിഭാഗം പളളി പിടിച്ചെടുക്കുന്നതെന്നും ഇവർ ആരോപിച്ചു. പള്ളിയുടെ ഭരണ നിയന്ത്രണം ഓർത്തഡോക്‌സ് വിഭാഗത്തിന് വൈകാതെ കൈമാറും.
Read Also : കൊവിഡ് വ്യാപനം കണക്കിലെടുത്ത് മൃതദേഹം ദഹിപ്പിച്ച് യാക്കോബായ സഭയും
അതേസമയം കോതമംഗലം മാർത്തോമ്മൻ യാക്കോബായ പള്ളിയിൽ വിധി നടത്തിപ്പിന് സർക്കാർ സാവകാശം തേടി. പള്ളിയുടെ ഹാൾ കൊവിഡ് കെയർ സെന്റർ ആയതിനാൽ പള്ളി ഉൾക്കൊള്ളുന്ന പ്രദേശം കണ്ടെയ്ൻമെൻറ് സോൺ ആണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പള്ളി പരിസരം കണ്ടെയ്ൻമെൻറ് സോൺ ആക്കിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. വിധി നടത്തിപ്പിനായി കേന്ദ്ര സേനയെ നിയോഗിക്കുന്നതിൽ നിലപാടറിയിക്കാൻ സമയം വേണമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകനും കോടതിയെ അറിയിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
Story Highlights – poothrkka st marys church, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here