ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു; വയോജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം

മുതിര്‍ന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വലിയൊരു വിഭാഗം വയോജനങ്ങള്‍ ജീവിതത്തിന്റെ സായംകാലത്ത് ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് ആരുടെയും ആശ്രയം ഇല്ലാതെ തനിയെ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വയോജനങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അവഗണിക്കപ്പെടുന്ന വയോജനങ്ങളെ കണ്ടെത്തി വൈകാരിക പിന്തുണയും സംരക്ഷണവും ഉറപ്പാക്കാക്കുകയാണ് ലക്ഷ്യം.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സഹായത്തോടെ ആരംഭിച്ച പ്രശാന്തി ഹെല്പ് ഡെസ്‌ക് വഴി ഒറ്റയ്ക്ക് സാമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിലവില്‍ പൊലീസ് സഹായം ലഭ്യമാക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതിയ നടപടികള്‍. അടിയന്തിര സഹായ നമ്പറായ 112 ലേയ്ക്ക് വിളിച്ചും വയോജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.

വയോജന സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തൃശ്ശൂര്‍ സിറ്റിയില്‍ ആരംഭിച്ച ബെല്‍ ഓഫ് ഫെയ്ത്ത്, കോട്ടയത്ത് നടപ്പിലാക്കിയ ഹോട്ട്‌ലൈന്‍ ടെലഫോണ്‍ എന്നീ പദ്ധതികള്‍ മറ്റ് ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും മുതിര്‍ന്നപൗരന്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ സൂക്ഷിക്കുകയും ആഴ്ചതോറും പുതുക്കുകയും ചെയ്യും.

POL-APP എന്ന കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലെ സീനിയര്‍ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍, അബാന്റണ്‍ട് സീനിയര്‍ സിറ്റിസണ്‍ എന്നീ രണ്ട് പ്രത്യേക വെബ് ലിങ്കുകള്‍ വഴിയും മുതിര്‍ന്ന പൗരന്‍മാരുടെയും ഉപേക്ഷിക്കപ്പെട്ട വയോജനങ്ങളുടെയും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സീനിയര്‍ സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കുപയോഗിച്ച് പിന്തുണ ആവശ്യമുള്ള മുതിര്‍ന്ന പൗരന്‍മാരുടെ പേരും വ്യക്തിഗത വിവരങ്ങളും അദ്ദേഹം താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷന്റെ പേരും അടിയന്തിരമായി ബന്ധപ്പെടാനുളള നമ്പരും ടൈപ്പ് ചെയ്ത് നല്‍കിയാല്‍ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ആവശ്യമായ സഹായം ലഭ്യമാക്കും.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന മുതിര്‍ന്ന പൗരന്റെ ഫോട്ടൊ എടുത്ത് അവരുടെ ഏകദേശ പ്രായവും ബന്ധപ്പെട്ട വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവയും അബാന്റണ്‍ട് സീനിയര്‍ സിറ്റിസണ്‍ ലിങ്കില്‍ അപ് ലോഡ് ചെയ്താല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും.

Story Highlights Police instructed to ensure the safety of the elderly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top