ഉസൈൻ ബോൾട്ടുമായി സമ്പർക്കം; ക്രിസ് ഗെയിലിന്റെയും റഹീം സ്റ്റെർലിങിന്റെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

കൊവിഡ് സ്ഥിരീകരിച്ച വേഗരാജാവ് ഉസൈൻ ബോൾട്ടുമായി സമ്പർക്കത്തിലായ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെയും ഫുട്ബോൾ താരം റഹീം സ്റ്റെർലിങിന്റെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഗെയിലിൻ്റെ രണ്ട് കൊവിഡ് പരിശോധനാഫലവും നെഗറ്റീവാണെന്ന് ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബ് അറിയിച്ചു. ഇതോടെ വിൻഡീസ് താരം കിംഗ്സ് ഇലവനൊപ്പം ചേരും. അതേ സമയം, സ്റ്റെർലിങിൻ്റെ ആദ്യ ടെസ്റ്റാണ് നെഗറ്റീവായത്. രണ്ടാം ടെസ്റ്റ് ഉടൻ നടത്തും. ബോൾട്ടിൻ്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇരുവരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്.
‘ഏതാനും ദിവസം മുന്‍പ് ആദ്യ ടെസ്റ്റ് നടത്തിയിരുന്നു. (യുഎഇയിലേക്ക്) യാത്ര പുറപ്പെടുന്നതിന് മുന്‍പ് എനിക്ക് രണ്ട് നെഗറ്റീവ് ടെസ്റ്റുകള്‍ വേണ്ടിയിരുന്നു. രണ്ടാമത്തെ ടെസ്റ്റ് എന്റെ മൂക്കിനുള്ളിലേക്ക് ഏറെ ദൂരം പോയി. ഫലം നെഗറ്റീവാണ്.’- ഗെയ്ല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
Read Also : ഉസൈൻ ബോൾട്ടിനു കൊവിഡ്; സമ്പർക്ക പട്ടികയിൽ ക്രിസ് ഗെയിലും റഹിം സ്റ്റെർലിങും
ജമൈക്കയിൽ വെച്ചാണ് സ്റ്റെർലിങ് കൊവിഡ് ടെസ്റ്റ് നടത്തിയത്. താരത്തിൽ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യവാനാണെന്നും സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ക്ലബ് സീസൺ അവസാനിച്ചതോടെ സ്റ്റെർലിങ് ഇനി ദേശീയ ഡ്യൂട്ടിയിൽ പ്രവേശിക്കും. സെപ്തംബർ അഞ്ചിനും എട്ടിനും നടക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ സ്റ്റെർലിങ് ഉൾപ്പെട്ടിട്ടുണ്ട്
വെള്ളിയാഴ്ചയാണ് ബോൾട്ട് തൻ്റെ 34ആം ജന്മദിനം ആഘോഷിച്ചത്. ബോൾട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് ക്രിസ് ഗെയിലും റഹീം സ്റ്റെർലിങും അടക്കമുള്ള താരങ്ങൾ പങ്കെടുത്തത്. മാസ്കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ആഘോഷം നടന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
Story Highlights – chris gayle raheem sterling covid test negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here