ഉസൈൻ ബോൾട്ടിനു കൊവിഡ്; സമ്പർക്ക പട്ടികയിൽ ക്രിസ് ഗെയിലും റഹിം സ്റ്റെർലിങും

വേഗരാജാവ് ഉസൈൻ ബോൾട്ടിനു കൊവിഡ് പോസിറ്റീവ്. ജമൈക്കൻ മാധ്യമങ്ങളാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധയെ തുടർന്ന് താരം ഐസൊലേഷനിലാണ്. ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ് തുടങ്ങിയവർ ബോൾട്ടിൻ്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ബോൾട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. “ഞാൻ ഉത്തരവാദിത്തമുള്ളവനാവാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ഞാൻ പുറത്തുപോവില്ല. സുഹൃത്തുക്കളിൽ നിന്നൊക്കെ അകന്നു നിൽക്കും. എനിക്ക് ലക്ഷണങ്ങളൊന്നും ഇല്ല. അതുകൊണ്ട് ഞാൻ സ്വയം ക്വാറൻ്റീനിൽ പ്രവേശിക്കുകയാണ്.”- ബോൾട്ട് പറഞ്ഞു.
Read Also : ബാഴ്സലോണ താരം ടോഡിബോയ്ക്ക് കൊവിഡ്
വെള്ളിയാഴ്ചയാണ് ബോൾട്ട് തൻ്റെ 34ആം ജന്മദിനം ആഘോഷിച്ചത്. ബോൾട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് ക്രിസ് ഗെയിലും റഹീം സ്റ്റെർലിങും അടക്കമുള്ള താരങ്ങൾ പങ്കെടുത്തത്. ആഘോഷത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ താരം കൊവിഡ് പരിശോധനക്ക് വിധേയനായിരുന്നു എങ്കിലും ഇന്നാണ് ഫലം വന്നത്. ഗെയിലിനും സ്റ്റെർലിങിനും പുറമേ ബയേർ ലെവർകൂസൻ താരം ലിയോൺ ബെയ്‌ലി, ഗായകൻ ക്രിസ്റ്റഫർ മാർട്ടിൻ തുടങ്ങി നിരവധി പ്രമുഖർ ആഘോഷച്ചടങ്ങിൽ പങ്കെടുത്തിരുന്നു. മാസ്കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ആഘോഷം നടന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
Story Highlights – usain bolt tested positive for covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here