Advertisement

അനുജന് മാനസികാസ്വാസ്ഥ്യം; അനിയത്തി നിത്യരോഗി: കെഎം ആസിഫിന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ

August 28, 2020
3 minutes Read
km asif csk bowler

കെഎം ആസിഫ്. ആ പേര് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് അറിയാം. കേരളത്തിൽ നിന്ന് ഐപിഎൽ കളിച്ച ചുരുക്കം താരങ്ങളിൽ ഒരാൾ. അതിലുപരി, ചെന്നൈ സൂപ്പർ കിംഗ്സിൽ സാക്ഷാൽ എംഎസ് ധോണിക്കൊപ്പം ഐപിഎൽ കളിച്ച കേരള താരം. എന്നാൽ, മലപ്പുറം എടവണ്ണയിൽ ജനിച്ച ആസിഫിന് തീരെ സുഖകരമല്ലാത്ത ഒരു ഭൂതകാലം ഓർമിക്കാനുണ്ട്.

ഏജ്-ഗ്രൂപ്പ് ക്രിക്കറ്റ് കളിച്ചിട്ടേയില്ലാത്ത ആസിഫ് ഒരിക്കലും ക്രിക്കറ്റ് തനിക്ക് ജീവിതോപാധിയാകുമെന്ന് കരുതിയതല്ല. പിതാവ് ദിവസവേതനക്കാരനായിരുന്നു. അനിയന് മാനസികാസ്വാസ്ഥ്യം. അനിയത്തിയാവട്ടെ ഗർഭാവസ്ഥയിലുണ്ടായ രോഗത്തിൽ ബുദ്ധിമുട്ടുന്നവൾ. ആസിഫിന് ജീവിതത്തെ ലളിതമായി നോക്കിക്കാണാൻ കഴിയുമായിരുന്നില്ല. ക്രിക്കറ്റിനുള്ള സമയം കണ്മുന്നിലൂടെ കടന്നുപോകുന്നത് അവൻ മനസ്സിലാക്കി. ട്രയൽസുകളിൽ പങ്കെടുത്തെങ്കിലും ഒന്നും ശരിയായില്ല. വീട്ടിലെ അവസ്ഥ പ്രവാസലോകത്തേക്ക് പറക്കാൻ അവനെ നിർബന്ധിച്ചു. അങ്ങനെ 2016ൽ ആസിഫ് ദുബായിലേക്ക്. 23കാരനായ ആ മലബാറുകാരൻ പയ്യൻ കുടുംബം നോക്കാനായി മണലാരണ്യത്തിലെത്തി. ക്രിക്കറ്റിനോടുള്ള പ്രണയം ബാക്കി നിൽക്കെ ജീവിക്കാൻ വഴി തേടി ആസിഫ് പ്രവാസിയായി. 2016 മാർച്ചിലായിരുന്നു അത്.

Read Also : കാലാവസ്ഥയും ഉയരുന്ന കൊവിഡ് കണക്കുകളും; ഐപിഎൽ സമയക്രമം വൈകുന്നു

“മഴ പെയ്യുമ്പോൾ മേൽക്കൂര ചോരുന്നത് ഞാൻ കാണുമായിരുന്നു. എൻ്റെ കുടുംബത്തിന് നല്ല ഒരു വീട് പോലും നൽകാൻ കഴിയുന്നില്ലല്ലോ എന്നാലോചിച്ച് ഞാൻ വിഷമിച്ചിരുന്നു. ദുബായിലെ ജോലി എനിക്ക് അത്യാവശ്യമായിരുന്നു. അവിടെ താമസം മികച്ചതായിരുന്നു. കടുത്ത ചൂടായിരുന്നു. പക്ഷേ, നല്ല ശമ്പളമുണ്ടായിരുന്നു. പക്ഷേ, ഞാൻ എൻ്റെ കുടുംബത്തെയും ക്രിക്കറ്റിനെയും മിസ് ചെയ്തു.”- ആസിഫ് പറയുന്നു.

കൃത്യം ഒരു മാസം. ക്രിക്കറ്റ് അവനെ അവിടെ നിന്ന് പുറത്തു ചാടിച്ചു. ആദ്യ ശമ്പളം കിട്ടിയതിനു പിന്നാലെ, ഏപ്രിലിൽ ആസിഫ് നാട്ടിൽ തിരികെയെത്തി. ഐഡിബിഐ ബാങ്ക് മുൻ ഓസീസ് പേസർ ജെഫ് തോംപ്സണുമായി ചേർന്ന് ഇന്ത്യയിലുടനീളം ഫാസ്റ്റ് ബൗളിങ് ട്രയൽസ് നടത്തുന്നു എന്നറിഞ്ഞ ആസിഫ് ഭാഗ്യപരീക്ഷണത്തിനായി വയനാട്ടിലേക്ക് ബസ് കയറി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ ഇതിഹാസ താരം ഗ്ലെൻ മഗ്രാത്തിനു കീഴിൽ സ്കോളർഷിപ്പോടേ പരിശീലനത്തിന് അവസരം ലഭിക്കുമെന്നതായിരുന്നു വയനാട്ടിലേക്ക് വണ്ടി കേറാനുള്ള ആസിഫിൻ്റെ താത്പര്യം. ട്രയൽസിൽ തെരഞ്ഞെടുക്കപ്പെടാതിരുന്നതോടെ ക്രിക്കറ്റ് മോഹം വീണ്ടും കുഴിച്ചുമൂടി ആസിഫ് തിരികെ ദുബായിലേക്ക് പറന്നു.

വിസിറ്റ് വിസയിൽ ദുബായിലെത്തിയ ആസിഫ് ഐസിസി അക്കാദമിയിൽ യുഎഇ ദേശീയ ടീമിനുള്ള ഓപ്പൺ ട്രയൽസ് നടക്കുന്നതായി അറിഞ്ഞു. അടുത്ത ഭാഗ്യപരീക്ഷണം അവിടെ. മൂന്ന് മണിക്കൂറാണ് അവിടെ ആസിഫ് തുടർച്ചയായി പന്തെറിഞ്ഞത്. മൊബൈൽ നമ്പറും മറ്റ് വിവരങ്ങളും നൽകി ആസിഫ് മടങ്ങി. അടുത്ത ദിവസം ആരോ ഒരാൾ വിളിച്ച് യുഎഇ മുഖ്യ പരിശീലകനും മുൻ പാകിസ്താൻ പേസറുമായ ആഖിബ് ജാവേദിന് ആസിഫിനെ കാണണമെന്നാവശ്യപ്പെട്ടു.

“ഞാൻ എവിടെ നിന്നാണെന്നും എന്താണ് യുഎഇയിൽ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ജോലി തേടി വന്നതാണെന്നും അവസരം നൽകിയാൽ പരിശീലിക്കാനും ക്രിക്കറ്റ് കളിക്കാനും ഒരുക്കമാണെന്നും ഞാൻ പറഞ്ഞു. അദ്ദേഹം എനിക്ക് ഒരു കമ്പനിയിലേക്ക് എന്നെ ശുപാർശ ചെയ്തു.”- ആസിഫ് പറയുന്നു.

എന്നാൽ, പഴയ കമ്പനിയിൽ നിന്ന് ഒരു മാസത്തിനു ശേഷം ചാടിയ കഥയറിഞ്ഞ പുതിയ ജോലിദാതാവ് ആസിഫിനു ജോലി നൽകാനാവില്ലെന്ന് നിലപാടെടുത്തു. വിസിറ്റ് വിസയുടെ കാലാവധി അവസാനിച്ചതോടെ വീണ്ടും ആസിഫ് നാട്ടിലെത്തി. വീണ്ടും ട്രയൽസ്. കേരള ടീമിൻ്റെ നെറ്റ്സിൽ പന്തെറിഞ്ഞ പരിചയം 2017ൽ ആസിഫിനെ ഐപിഎൽ ടീമായ ഡെൽഹി ഡെയർ ഡെവിൾസിൻ്റെ ക്യാമ്പിലെത്തിച്ചു. കേരളത്തിലെ സഹതാരം സഞ്ജു സാംസൺ ആയിരുന്നു ആസിഫിനെ നിർദ്ദേശിച്ചത്. ടീം അംഗങ്ങളോടൊപ്പം കുറച്ചു കാലം പരിശീലനം. ഐപിഎലിനിടെ ചെന്നൈയിൽ നിന്ന് ബസ് പിടിച്ച് ബെംഗളൂരുവിലെത്തിയ ആസിഫ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ നെറ്റ്സിൽ പന്തെറിഞ്ഞു. നെറ്റ് സെഷനു ശേഷം ആസിഫ് എങ്ങനെയാണ് മടങ്ങുക എന്ന് ക്യാമ്പിൽ ആരോ അന്വേഷിച്ചു. ബസിനു മടങ്ങുമെന്ന് മറുപടി കേട്ടതിനെ തുടർന്ന് താരങ്ങൾ പണം സമാഹരിച്ച് വിമാനത്താവളത്തിലേക്ക് ടാക്സിയും വിമാന ടിക്കറ്റും സംഘടിപ്പിച്ചു നൽകി.

Read Also : അബുദാബിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; മുംബൈ, കൊൽക്കത്ത ടീമുകൾക്ക് തിരിച്ചടി

അങ്ങനെയൊരു പകലിൽ, കേരള ടീമിൻ്റെ നെറ്റ്സിൽ പന്തെറിയുന്നതിനിടെ 2017-18 സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ടീമിലേക്ക് ആസിഫിനു ക്ഷണം. 25ആം വയസ്സിൽ കേരളത്തിനായി ഗോവക്കെതിരെ അരങ്ങേറ്റം. വേഗം കൊണ്ട് ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന 45 സെക്കൻഡ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ, ചെന്നൈക്കായി ട്രയൽസ്. ഇപ്പോൾ എഎസ് ധോണിക്കും സുരേഷ് റെയ്നക്കും ഒപ്പം കളിക്കുന്നു.

“എന്നോട് വാട്സൺ പറഞ്ഞു, ‘നീ ഒരു നല്ല ടെന്നിസ് ബോൾ ക്രിക്കറ്ററാണെന്ന് കേട്ടിട്ടുണ്ട്. വേഗത്തിൽ എറിയുക. അടി കിട്ടുന്നത് കണക്കാക്കണ്ട.’ അത് എനിക്ക് ഊർജമായി. കളി നടക്കുന്ന ദിവസം ധോണി തോളിലൂടെ കയ്യിട്ട് പറഞ്ഞു, ‘പേടിക്കണ്ട, നീ ഇന്ന് പന്തെറിഞ്ഞ് 4 ഓവറിൽ 40 റൺസ് വഴങ്ങിയാലും ഒരു പ്രശ്നവുമില്ല. ഇത് നിൻ്റെ അവസരമാണ്”- ആസിഫ് പറയുന്നു. അന്ന് ആസിഫ് 43 റൺസ് വഴങ്ങി. പക്ഷേ, ഡൽഹിയുടെ രണ്ട് ഓപ്പണർമാരെയും കൊണ്ടാണ് അദ്ദേഹം പോയത്.

“ഞാൻ മത്സരിക്കാനില്ല. എനിക്ക് കളിച്ചാൽ മതി. എനിക്ക് ഒരു പന്ത് നൽകിയിട്ട് എറിയാൻ പറഞ്ഞാൽ ഈ ഹോട്ടൽ കോറിഡോറിലും ഞാൻ പന്തെറിയും. പണം സുപ്രധാനമാണ്. പക്ഷേ, ഏറ്റവും സുപ്രധാനമല്ല. ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ഐപിഎലിനു നന്ദി. എനിക്ക് വീട് വെക്കാൻ കഴിഞ്ഞു. സഹോദരങ്ങൾക്ക് മികച്ച ചികിത്സ ഒരുക്കാനും മാതാപിതാക്കളെ പരിചരിക്കാനും കഴിയുന്നുണ്ട്. ഐപിഎലാണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്. കുടുംബത്തിന് നല്ല ജീവിതം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവർ സന്തോഷിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഞാനും സന്തോഷവാനാണ്”- ആസിഫ് പറഞ്ഞു നിർത്തി.

(ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോ നടത്തിയ പ്രത്യേക അഭിമുഖത്തോട് കടപ്പാട്)

Story Highlights km asif csk bowler life story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top