ആരവമില്ലാതെ നിശബ്ദമായ മൈതാനങ്ങൾ; ഇന്ന് ദേശീയ കായിക ദിനം

ഇന്ന് ദേശീയ കായിക ദിനം. കൊവിഡ് കാലത്ത് ആരവമില്ലാത്ത മൈതാനങ്ങൾ കായിക ലോകത്തിന്റെ വേദനയായി മാറുകയാണ്. പ്രതിസന്ധിയുടെ ആഴം ചെറുതല്ലെങ്കിലും അധികം വൈകാതെ തന്നെ മൈതാനങ്ങളിലേയ്ക്ക് ആരവം തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് സ്പോർട്സ് താരങ്ങളും കായികാസ്വാദകരും.
ഗ്യാലറികൾ ഇത്രമാത്രം നിശബ്ദമായ ഒരു കാലം ലോകം കണ്ടിട്ടില്ല. അത്രമാത്രം ശൂന്യതയാണ് കളിമൈതാനങ്ങളെ ചൂഴ്ന്നുനിൽക്കുന്നത്. മെസി ബാഴ്സലോണ വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ യൂറോപ്പിലെ ഫുട്ബോൾ ലീഗുകൾ ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിർത്തി ഒരുവിധം പൂർത്തിയാക്കിയിരിക്കുന്നു സംഘാടകർ.
ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജിയെ തോൽപിച്ച് ബൂണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോക കായിക രംഗത്തുനിന്നുണ്ടായ ഏറ്റവും വലിയ വാർത്ത. കിങ്സ്ലി കോമാൻ നേടിയ ഏക ഗോളിലാണ് മ്യൂണിക്ക്, പിഎസ്ജിയെ മറികടന്നത്.
ക്രിക്കറ്റിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്നത് വെറും ആറ് ടെസ്റ്റുകളാണ്. എല്ലാം ഇംഗ്ലണ്ടിൽ. വെസ്റ്റിൻഡീസ്, പാകിസ്താൻ എന്നീ ടീമുകൾക്കെതിരെ നടന്ന മൂന്ന് ടെസ്റ്റുകളടങ്ങിയ രണ്ട് പരമ്പരകളും ഇംഗ്ലണ്ട് നേടി. ഇരു ടീമുകൾക്കെതിരെയും ഓരോ ടെസ്റ്റുകളാണ് ഇംഗ്ലണ്ട് ജയിച്ചത്.
രാജ്യത്തേതുൾപ്പടെ ലോകത്താകെയുള്ള സ്കൂൾ മൈതാനങ്ങൾ നിശബ്ദമായിട്ട് ആറ് മാസമായി. ഒളിംപിക്സ് അടക്കമുള്ള കായിക മാമാങ്കങ്ങൾ മാറ്റിവച്ചിരിക്കുന്നു. ടെന്നീസിൽ ഗ്രാൻസ്ലാം വേദികളും നിശബ്ദമാണ്. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവെച്ചിരിക്കുന്നു. അടുത്ത മാസം യുഎഇയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കടുത്ത നിയന്ത്രണങ്ങളോടെ ആരംഭിക്കുന്നു എന്നത് മാത്രമാണ് പ്രതീക്ഷയുടെ രജതരേഖ സമ്മാനിക്കുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളും അധികം വൈകാതെ അവസാനിക്കുമെന്നും കളിമൈതാനങ്ങളിലേയ്ക്ക് ആ പഴയ ആരവം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കായികലോകവും കളി ആസ്വാദകരും.
Story Highlights – National sports day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here