Advertisement

189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും: മുഖ്യമന്ത്രി

August 30, 2020
2 minutes Read

100 ദിവസത്തിനുള്ളില്‍ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്കും തുടക്കം കുറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായ കര്‍മ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്ളൈ ഓവറുകളടക്കം 21 പാലങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും. 671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ 41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും.

പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശേരി കവിയൂര്‍, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ് ചേവാര്‍ ഹില്‍ ഹൈവേ റീച്ച് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സ്റ്റേഡിയങ്ങള്‍, മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്.

കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്സികള്‍ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

വയനാട് തുരങ്കം റൂട്ടിന് കൊങ്കണ്‍ റെയില്‍ കേര്‍പ്പറേഷന്‍ അന്തിമ രൂപം നല്‍കിയിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിര്‍വഹണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. തുരങ്കപാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 189 PWD-Kifby roads to be opened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top