കളപ്പുരയ്ക്കകത്ത് പലഹാരങ്ങൾ നിറയും, അമ്മ കാണാതെ കട്ടു തിന്നുമായിരുന്നു; കുട്ടിക്കാലത്തെ ഓണനാളുകൾ ഓർമിച്ച് മല്ലികാ സുകുമാരൻ

കുഞ്ഞുനാളിലെ ഓണക്കാലത്തെ ഓർമകൾ ട്വന്റിഫോറുമായി പങ്കുവച്ച് നടി മല്ലികാ സുകുമാരൻ. ഹരിപ്പാടായിരുന്നു മല്ലികാ സുകുമാരന്റെ അമ്മ വീട്. അച്ഛന്റെ കുടുംബക്കാരെല്ലാം പലയിടങ്ങളിലായതിനാൽ ഓണനാളുകൾ കൂടുതലും ഹരിപ്പാടുള്ള അമ്മ വീട്ടിലാണ് മല്ലികാ സുകുമാരൻ ചെലവഴിച്ചിരുന്നത്. കുഞ്ഞുനാളിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തെ കുറിച്ച് വിവരിക്കുകയായിരുന്നു മല്ലികാ സുകുമാരൻ ട്വന്റിഫോർ റൗണ്ടപ്പിൽ.
കുട്ടിക്കാലത്തെ ഓണം
‘ഞങ്ങളുടെ കാലത്തെ ഓണം ഇപ്പോൾ ഇല്ല. ഹരിപ്പാടാണ് എന്റെ സ്വദേശം. മണ്ണാറശാല ക്ഷേത്രത്തിനടുത്താണ് അമ്മയുടെ കുടുംബ വീട്. പെരുന്നേലാണ് അച്ഛന്റെ വീട്. അച്ഛന്റെ വീട്ടിൽ ആരും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ ഹരിപ്പാടായിരിക്കും ഞങ്ങൾ. അവിടെ നാല് ദിവസത്തെ ഓണാഘോഷമാണ് ഉണ്ടാവുക. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം…ഇതിൽ ഒരുദിവസം കരക്കാർക്ക്, ഒരു ദിനം വീട്ടുകാർക്ക്, ഒരു ദിനം ബന്ധുക്കൾക്ക്, ഒരു ദിനം പാടത്ത് പണി എടുക്കുന്നുവർ എന്നിങ്ങെയായിരിക്കും സദ്യ നൽകുക.
ഈ ദിനങ്ങൾ ഏറ്റവും തിരക്ക് അനുഭവപ്പെടുത ഉത്രാടദിനത്തിലാണ്. കളപ്പുരയ്ക്കകത്ത് വിവിധയിനം പലഹാരങ്ങൾ നിറയും. പ്രധാനപ്പെട്ട രണ്ട് സദ്യകൾ വരുന്നത് ഉത്രാടം കഴിഞ്ഞുള്ള ദിനങ്ങളിലായതുകൊണ്ടാണ് അത്. കളിയടയ്ക്ക, എള്ളുണ്ട തുടങ്ങിയവ ഉണ്ടാക്കി അമ്മ ഭരണയിൽ വയ്ക്കും. ഞങ്ങൾ കുട്ടികൾ കഴിച്ചുതീർക്കാതിരിക്കാൻ ഞങ്ങൾ കാണാതെയാകും ഒളിച്ചു വയ്ക്കുക. പക്ഷേ ഞങ്ങളത് അമ്മ കാണാതെ എടുക്കും. വളരെ രസകരമായ കാലമായിരുന്നു അത്.’- മല്ലിക സുകുമാരൻ ഓർമിക്കുന്നു.
ഈ വർഷത്തെ ഓണം
ഇത്തവണത്തെ ഓണത്തിന് കൊവിഡ് സാഹചര്യമായതിനാൽ നിയന്ത്രണങ്ങൾ നിരവധിയുണ്ട്. വീട്ടിലുരന്നാലും കൊവിഡ് വരുന്നു എന്നൊക്കെ കേക്കുമ്പോൾ പേടിയാണ്. ഞങ്ങൾ വീട്ടിലുള്ളവർ മാത്രം പങ്കെടുക്കുന്നതാണ് ഇത്തവണത്തെ ഓണാഘോഷം. സുപ്രിയയുടെ അമ്മയുടെ അമ്മ മൂന്ന് ആഴ്ചകൾക്ക് മുമ്പ് മരിച്ചതിനാൽ ഇത്തവണ വിപുലമായ ആഘോഷമില്ല. അതുകൊണ്ട് തിരുവോണ ദിനമുള്ള സദ്യ അവരവരുടെ വീട്ടിൽ ഉണ്ടിട്ട്, തൊട്ടടുത്ത ദിവസം ഒരുമിച്ച് കൂടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മല്ലികാ സുകുമാരൻ പറഞ്ഞു.
അച്ഛമ്മയുടെ അടുത്ത് വരാൻ പറ്റുന്നില്ല, ഡാഡ എവിടെയും കൊണ്ടുപോകുന്നില്ല എന്നൊക്കെയാണ് പൃഥ്വിരാജിന്റെ മകൾ ആലംകൃതയുടെ പരാതിയെന്ന് മല്ലികാ സുകുമാരൻ പറഞ്ഞു. ഇത്തവണ ആലംകൃതയുടെ പിറന്നാൾ പോലും കാര്യമായി ആഘോഷിക്കുന്നില്ല.
ലോകം മുഴുവൻ ഇത്തരം പ്രതിസന്ധിയിലൂടെ പോകുമ്പോൾ ഇത്തരം ആഘോഷങ്ങൾക്ക് പ്രസക്തിയില്ലെങ്കിലും ചെറിയ ആഘോഷങ്ങളെല്ലാമായി വീട്ടുകാരെ മാത്രം കോർത്തിണക്കി ആഘോഷിക്കും. ഇത്തവണ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മാവൻ വീട്ടിലുണ്ട്. ഓണാഘോഷം കഴിഞ്ഞേ തിരികെ പോകൂ എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.
Story Highlights – mallika sukumaran remembering childhood onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here