പിഎസ്‌സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ; പ്രതിഷേധിച്ച് യുവജനസംഘടനകൾ

പിഎസ്‌സി ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയിൽ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് കിഡ്‌സൺ കോർണറിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എബിവിപി പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചിയിലും യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. മേനകയിൽ നിന്ന് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളജിന് മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ മരണ വീട്ടിൽ എത്തിയ പാറശ്ശാല എംഎൽഎ സി.കെ ഹരീന്ദ്രനെതിരെ യുവ മോർച്ച പ്രതിഷേധം നടത്തി.
പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി അനുവാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77 ആം റാങ്കുകാരനായിരുന്നു അനു. ജൂൺ 19ാം തീയതിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് അച്ഛൻ സുകുമാരൻ പറഞ്ഞു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് അനുവിന്റെ ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.
2019ലെ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 68 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സിയോടും മറ്റ് അധികൃതരോടും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
Story Highlights – Suicide, PSC, Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here